കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ


തിരുവനന്തപുരം: പി.സി ജോർജ് എം.എൽ.എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് പി.സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി നിർദേശിച്ചത്. പി.സി ജോർജിന്‍റെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് എത്തിക്സ് കമ്മിറ്റി നിരീക്ഷിച്ചു.

നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പി.സി ജോർജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവർക്കെതിരെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നും പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തി. പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്‍റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പി.സി.ജോർജ് ശ്രമിച്ചതെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

മുൻ പ്രസ്താവനകളിൽ പി.സി.ജോർജ് ഉറച്ചു നിൽക്കുന്നതായി തെളിവെടുപ്പ് വേളയിൽ കമ്മിറ്റിക്കു ബോധ്യപ്പെട്ടതായും ഇത്തരത്തിലുള്ള പ്രസ്താവനകൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുന്നത് നിയമസഭാ സാമാജികനു ചേർന്നതല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

വനിത കമീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ, ഫെമിനിസ്റ്റ് ലോയേഴ്സ് നെറ്റ് വർക് ഓഫ് കേരളയും ആയിരുന്നു പി.സി ജോർജിന് എതിരെ പരാതി നൽകിയത്. വിമർശനം ഉയർന്നതോടെ പി.സി ജോർജ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, പി.സി ജോർജിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരം ആയിരുന്നെന്നും തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമപരമായി തന്നെ അതിനെ നേരിടുമെന്നും കന്യാസ്ത്രീ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.