പത്ത് ദിവസമായിട്ടും പാൽ കേടായില്ല; മായം തന്നെയെന്ന് ക്ഷീര വകുപ്പ്

തിരുവനന്തപുരം: പത്ത് ദിവസമായിട്ടും കേടാകാത്തതിനാൽ ആര്യങ്കാവിൽ പിടികൂടിയ പാൽ മായംചേർത്തത് തന്നെയെന്ന് ക്ഷീര വികസന വകുപ്പ്. ബാക്ടീരിയ നാശിനിയായ ഹൈഡ്രജൻ പെറോക്സൈഡ് പാലിൽ ചേർത്തിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് പാൽ കേടാകാത്തതെന്ന് ക്ഷീരവികസന വകുപ്പ് അധികൃതർ വിശദീകരിക്കുന്നു. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസം മുട്ടത്തറ സ്വീവേജ് പ്ലാന്റിലെത്തിച്ച് ഒഴുക്കിക്കളഞ്ഞു. നശിപ്പിക്കുന്ന സമയത്തും പാൽ കേടായിരുന്നില്ലെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കഴിഞ്ഞ 11ന് ആര്യങ്കാവിൽനിന്ന് പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യമുണ്ടായതായി ചെക്പോസ്റ്റിലെ ക്ഷീരവികസന ലാബിലെ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയിൽ പാലിൽ മായം കണ്ടെത്താനാകാത്തതോടെ സംഭവം വിവാദമായി. പരിശോധന വൈകിയതാണ് കാരണമെന്ന് പറഞ്ഞ് ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷ വകുപ്പിനെ പഴിചാരുകയും ചെയ്തു. എന്നാൽ ഭക്ഷ്യസുരക്ഷ വകുപ്പ് ആരോപണം തള്ളി.

പാൽ നശിപ്പിക്കുന്ന സമയത്തും ഇതിൽ മായമുണ്ടെന്ന ക്ഷീരവകുപ്പ് അധികൃതർ ആവർത്തിച്ചതോടെ പരിശോധന സംവിധാനങ്ങളിലെ പോരായ്മയും വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും വീണ്ടും ചർച്ചയായിട്ടുണ്ട്. പാൽ പൂർണമായി ഒഴുക്കിയശേഷം ടാങ്കർ ലോറി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമക്ക് വിട്ടുനൽകി.

Tags:    
News Summary - Even after ten day the milk did not spoil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.