കൊച്ചി: കിട്ടാക്കടം 20 ലക്ഷം രൂപയിൽ താഴെയാണെങ്കിലും റവന്യൂ റിക്കവറി നിയമപ്രകാരം ബാങ്കുകൾക്ക് നടപടിയെടുക്കാമെന്ന് ഹൈകോടതി. 20 ലക്ഷത്തിൽ താഴെയുള്ള കേസുകൾക്ക് 1993ലെ റിക്കവറി ഓഫ് ഡെപ്റ്റ് ആൻഡ് ബാങ്കറപ്സി ആക്ട് പ്രകാരമുള്ള നടപടി ബാധകമല്ലെന്ന് വിലയിരുത്തിയാണ് 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരമുള്ള നടപടികളാകാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. 10 ലക്ഷം രൂപയിലധികമുള്ള കിട്ടാക്കടത്തിന്റെ കാര്യത്തിൽ റവന്യൂ റിക്കവറി നടപടി തടഞ്ഞ് തൃശൂർ കലക്ടർ പുറപ്പെടുവിച്ച സർക്കുലർ കോടതി റദ്ദാക്കി. കലക്ടറുടെ നടപടിക്കെതിരെ ഫെഡറൽ ബാങ്ക് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
1993ലെ നിയമപ്രകാരം കേന്ദ്ര സർക്കാർ 2018 സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച വിജ്ഞാപനം രാജസ്ഥാൻ ഹൈകോടതി സ്റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2019 ജൂൺ 28ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടറുടെ സർക്കുലർ. എന്നാൽ, രാജസ്ഥാൻ ഹൈകോടതിയുടെ സ്റ്റേ പിന്നീട് ഡിവിഷൻബെഞ്ച് നീക്കുകയും വിജ്ഞാപനം ശരിവെക്കുകയും ചെയ്തിരുന്നതായി ഫെഡറൽ ബാങ്ക് ചൂണ്ടിക്കാട്ടി. അതിനാൽ, കേരള ഹൈകോടതി ഉത്തരവ് ഇക്കാര്യത്തിൽ ബാധകമല്ല. നിയമത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെയായിരുന്നു കലക്ടറുടെ സർക്കുലറെന്നും ഹരജിക്കാർ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.