കണ്ണൂര്‍: തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ. സുധാകരൻ. കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയായിരുന്നു സുധാകരൻ ബിജെപിക്കെതിരെ തുറന്നടിച്ചത്. എന്നാൽ, വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബി.ജെ.പിയിൽ പോകില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എംവി ജയരാജൻ പ്രതികരിച്ചു.
സുധാകരന്റെ മുൻ പി.എ ആയിരുന്ന മനോജ് ബിജെപിയിൽ ചേര്‍ന്നതും അടുത്ത അനുയായി ആയിരുന്ന രഘുനാഥ് ബി.ജെ.പി സ്ഥാനാർഥിയായതും ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു തന്റെ പട്ടിപോലും ബി.ജെ.പിയിൽ പോകില്ലെന്ന് അദ്ദേഹം പറഞ്ഞത്. ‘എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു? ഞാൻ ബി.ജെ.പിയിൽ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കിൽ എന്നേ പോകാമായിരുന്നു? എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്.അത് പോലും ബി.ജെ.പിയിലേക്ക് പോകില്ല’ -അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയത്തില്‍ കുട്ടിക്കാലം മുതല്‍ ഇറങ്ങിയതാണ്. ഒമ്പതാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത് കൊണ്ട് ഞാൻ ബി.ജെ.പിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ് ബി.ജെ.പിയില്‍ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാള്‍ ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്താക്കാനാണ്’ -കെ സുധാകരൻ ചോദിച്ചു.
ബിജെപി വളർത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് വളർത്തുനായക്ക് അറിയാമെന്നും അത് ബിജെപിയിൽ പോകില്ലെന്നും എംവി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പോകണമെന്ന് തോന്നിയാൽ താൻ ബി.ജെ.പിയിൽ പോകുമെന്ന കെ. സുധാകരന്‍റെ പഴയ പ്രസ്താവനയും അതിനുസമാനമായ പരാമർശങ്ങളും വിഡിയോ ആക്കിയാണ് ഇടതുപക്ഷം സുധാകരനെതിരെ പ്രചാരണം കൊഴുപ്പിക്കുന്നത്. 38 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുനട്ടാണ് ഈ നീക്കം. അതിനിടെയാണ് സുധാകരൻ പുറത്താക്കിയ മുൻ പി.എ വി.കെ. മനോജ് കുമാർ ബി.ജെ.പി.യിൽ ചേർന്നത്. 2004 മുതൽ 2009 വരെ കെ. സുധാകരൻ എം.പി.യുടെ പി.എയായിരുന്നു മനോജ്. എന്നാൽ, കഴിവുകേടുകാരണം താൻ പുറത്താക്കിയ ആളാണ് മനോജെന്നും തെന്റ പട്ടിപോലും ബി.ജെ.പിയിൽ പോകില്ലെന്നും സുധാകരൻ ഇതേക്കുറിച്ച് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.