തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്സ്ആപ് ഗ്രൂപ്പ് സൃഷ്ടിക്കുകയും പിടിക്കപ്പെടുമെന്നായപ്പോൾ തെളിവ് നശിപ്പിക്കുകയും ചെയ്ത വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ കേസില്ല. സസ്പെൻഡ് ചെയ്തെങ്കിലും വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയ ആരുടെയെങ്കിലും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്ന വിചിത്ര നിലപാടിലാണ് പൊലീസ്. സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ വർഗീയ ചേരിതിരിവും ഭിന്നതയും അനൈക്യവും ഉണ്ടാക്കാനും ഐക്യദാർഢ്യം തകർക്കാനും ഉദ്ദേശിച്ചാണ് ഗോപാലകൃഷ്ണൻ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ചീഫ് സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അഖിലേന്ത്യ സർവിസ് ചട്ടത്തിലെ മൂന്നാം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ -3(1), 3(1A(i), 3(2B)(i), (ii), (iii), (x)- പ്രകാരമാണ് നടപടി.
സമുദായ സൗഹാർദം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതാണ്. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയിട്ടും ഗോപാലകൃഷ്ണനെതിരെ കേസ് വേണ്ടെന്ന സർക്കാർ നിലപാടിൽ വ്യാപക വിമർശനമുണ്ട്. അതിനിടെ, ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡി.ജി.പിക്ക് പരാതി നൽകി. പരാതിയിൽ പൊലീസ് തുടർനടപടി സ്വീകരിച്ചിട്ടില്ല. സർവിസ് ചട്ടലംഘനങ്ങൾക്ക് പുറമെ പ്രഥമദൃഷ്ട്യാ ക്രിമിനൽ കുറ്റമായി കണക്കാക്കാവുന്ന തെറ്റുകൾ ഗോപാലകൃഷ്ണനെതിരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന് വ്യാജപരാതി നൽകുന്നത് ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പൊലീസിൽ ഹാജരാക്കുന്നതിന് മുമ്പ് സ്വന്തം മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തത് തെളിവ് നശിപ്പിക്കലാണ്. ഈ കുറ്റങ്ങളിലും ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതാണെങ്കിലും പൊലീസ് അതിന് തയാറായിട്ടില്ല.
സർവിസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഹിന്ദു മല്ലു ഓഫിസേഴ്സ് ഗ്രൂപ്. ഇത് വിവാദമായതോടെ അത് ഡിലീറ്റ് ചെയ്ത് തൊട്ടടുത്ത ദിവസം മുസ്ലിം മതവിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾെപ്പടുത്തി മല്ലു മുസ്ലിം ഒാഫിസേഴ്സ് എന്ന മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി ഡിലീറ്റ് ചെയ്തു. ഫോൺ ഹാക്ക് ചെയ്ത് തന്റെ ഫോണിലെ നമ്പറുകൾ 11 വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് ഗൂഗിളും മെറ്റയും ഇന്റർനെറ്റ് സേവന ദാതാവും നൽകിയ റിപ്പോർട്ട്. ഹാക്കിങ് നടന്നിട്ടില്ലെന്ന ഫോറൻസിക് പരിശോധന ഫലവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗൗരവമേറിയ സംഭവമായിട്ടും ഗോപാലകൃഷ്ണൻ നാല് ദിവസം കഴിഞ്ഞാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഫോണുകൾ ഫോർമാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയത്. ഇതെല്ലാം അവഗണിച്ചാണ് കേസെടുക്കാതെ ഗോപാലകൃഷ്ണന് സർക്കാർ സംരക്ഷണമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.