മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യത പരിശോധിക്കുന്നു; മുറിയെടുത്തത്​ മൂന്നംഗ കുടുംബം എന്ന് പറഞ്ഞ്

തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാരായ മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം അരുണാചൽ പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കും. ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് സ്വദേശിനി ദേവി മാധവൻ (41), സുഹൃത്ത്​ വട്ടിയൂർക്കാവ് സ്വദേശിനി ആര്യ ബി. നായർ (29) എന്നിവരാണ് മരിച്ചത്. അരുണാചൽ പ്രദേശിലെ ഇട്ടനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തേ പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചവിവരം പുറത്തുവരുന്നത്.

മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യതയാണ്​ ​പ്രധാനമായും പരിശോധിക്കുന്നത്​. കേരള പൊലീസുമായി സഹകരിച്ച് കേസന്വേഷണത്തിന് അഞ്ച്​ പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി അരുണാചലിലെ എസ്.പി കെനി ബാഗ്ര അറിയിച്ചു​. മൂന്ന്​ ​പേരുടേയും ഫോണുകൾ, ലാപ്​​ടോപ്, സമൂഹമാധ്യമ അക്കൗണ്ടുകൾ, ​​ഫോൺ കാൾ ലിസ്റ്റ്​, ഇന്‍റർനെറ്റിൽ നടത്തിയ തിരച്ചിലുകളുടെ വിശദാംശങ്ങൾ തുടങ്ങിയവ സൈബർ പൊലീസിന്‍റെ സഹായത്തോടെ വിശദമായി പരി​ശോധിക്കും.

മൂന്നംഗ കുടുംബം എന്ന നിലയിലാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്​. നവീനിന്റെ രേഖകളാണ് ഹോട്ടലിൽ നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്ന്​ പറയുകയായിരുന്നു. നവീനാണ്​ ദേവിയെയും ആര്യയെയും വിചിത്രമായ വിശ്വാസങ്ങളുടെ വഴിയിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ്​ പൊലീസ്​. മരണശേഷം പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും യുവതികളെ വിശ്വസിപ്പിച്ചുവ​ത്രെ. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും സംശയിക്കുന്നു.

നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യക്ക്​ അയച്ചുകൊടുത്തിരുന്നതായും ഇതിനകം നടന്ന അന്വേഷണത്തിൽ കണ്ടെത്തി. അരുണാചലിലേക്ക്​ ദമ്പതികള്‍ ഒന്നര വ‍ർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നെന്ന്​ വ്യക്തമായിട്ടുണ്ട്​. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇട്ടനഗറിലെ മെഡിക്കൽ കോളജിൽ പോസ്റ്റ്​മോർട്ടത്തിനു​ ​ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കാനാണ്​ ​ശ്രമം. 

Tags:    
News Summary - Examining the possibility of black magic in the death of three malayalais in Arunachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.