കരാറുകാർക്ക് അധിക തുക നൽകി: കാസർകോട് പി.ഡബ്ല്യൂ.ഡി ഡിവിഷനിൽ സർക്കാരിന് നഷ്ടം 1.34 കോടി രൂപ

കോഴിക്കോട് : കരാറുകാർക്ക് അധിക തുക നൽകിയതിൽ കാസർകോട് പി.ഡബ്ല്യൂ.ഡി റോഡ്‌സ്‌ ഡിവിഷനിൽ സർക്കാരിന് നഷ്ടം 1.34 കോടി രൂപയെന്ന് സി.എ.ജി റിപ്പോർട്ട്. പൂർത്തിയായ മൂന്ന് പ്രർത്തികളുടെ ഫയലുകൾ വീണ്ടും തുറന്ന് ക്രമരഹിതമായി റീഫണ്ട് നടത്തിയതും അന്തിമ ബില്ലുകളിൽ വരുത്തിയ അനുചിതമായ ക്രമീകരണങ്ങളും കാരണമാണ് നഷ്ടം സംഭവിച്ചതെന്ന് അന്വേഷിണത്തിൽ കണ്ടെത്തി.

2003 സെപ്റ്റംബറിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് (പി.ഡബ്ല്യു.ഡി) കീഴിലുള്ള റോഡ് പ്രവർത്തികൾക്കായി നടപ്പാക്കിയതിന്റെ അളവനുസരിച്ച് വകുപ്പ് തന്നെ ബിറ്റുമിൻ സംഭരിച്ച് കരാറുകാർക്ക് വിതരണം ചെയ്തിരുന്നു. റണ്ണിങ് അക്കൗണ്ട് ബില്ലുകളുടെ പണം കൊടുക്കുന്ന സമയത്ത് കരാറുകാരനിൽ നിന്ന് വകുപ്പ് നൽകിയ സാമഗ്രികളുടെ വില തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ 2003 സെപ്‌തംബർ ആറിലെ ഉത്തരവ് പ്രകാരം ആറ് ലക്ഷം രൂപ (2012-ൽ കേരള പൊതുമരാമത്ത് വകുപ്പ് മാന്വൽ പരിഷ്കരണത്തിലൂടെ ഒരു കോടി രൂപയായി ഉയർത്തി) വരെയുള്ള ചെറുകിട പ്രവർത്തികൾ ഒഴികെയുള്ളവക്ക് വകുപ്പുതലത്തിൽ ബിറ്റുമിൻ വിതരണം ചെയ്യുന്നത് സർക്കാർ നിർത്തലാക്കി.

ഭാരത് പെട്രോളിയം കോർപ്പറേഷനിൽ നിന്ന് നേരിട്ട് ബിറ്റുമിൻ വാങ്ങാനും ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിനായി ഇൻവോയ്‌സുകൾ സമർപ്പിക്കാനും കരാറുകാരെ അധികാരപ്പെടുത്തി. ബിറ്റുമിൻറെ വില പൂർണമായും വകുപ്പ് വഹിക്കുന്നതിനാൽ, അത് വകുപ്പിന്റെ ബിറ്റുമിൻ ആയി കണക്കാക്കുകയും അതിൻറെ വില കരാറുകാരന്റെ ബില്ലിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നു. വിപണിയിൽ ബിറ്റുമിൻ വില വർധിക്കുന്നതുമൂലം കരാറുകാരന് നഷ്ടം വരാതിരിക്കാനും വിപണിയിൽ വില കുറയുമ്പോൾ വകുപ്പിന് നേട്ടമുണ്ടാക്കാനുമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

2018 ജൂലൈ മുതൽ 2021 മാർച്ച് വരെ കാസർകോട് പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഡിവിഷനിലെ എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ പണം നൽകിയ 557 പ്രവർത്തികളിൽ, 53 പ്രവർത്തികളുടെ ഫയലുകളാണ് ഓഡിറ്റ് പരിശോധിച്ചത്. പൂർത്തിയാക്കിയ മൂന്ന് പ്രവർത്തി ഫയലുകളുടെ കാര്യത്തിൽ വകുപ്പ് ബിറ്റുമിന്റെ വില തിരിച്ചുപിടിച്ചുവെങ്കിലും ഡിവിഷണൽ അക്കൗണ്ടൻറും എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറും ഫയലുകൾ വീണ്ടും തുറന്ന് 71.49 ലക്ഷം രൂപ ക്രമവിരുദ്ധമായി തിരികെ നൽകിയെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിലൂടെ കരാറുകാർക്ക് അനർഹമായ ആനുകൂല്യം നൽകുകയാണ് ചെയ്തത്. മറ്റ് മൂന്ന് പ്രവർത്തികളുടെ കാര്യത്തിൽ തുടർന്നുള്ള ബില്ലുകളിലായി 62.83 ലക്ഷം രൂപ പിരിച്ചെടുത്തില്ല. കുറച്ചു പിരിക്കുകയും, തിരിച്ചു പിടിച്ച തുക വീണ്ടും കൊടുക്കുകയും ചെയ്തു.

ഈ ക്രമക്കേടുകൾ സൂപ്രണ്ടിങ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി (റോഡ്‌സ്) നോർത്ത് സർക്കിളിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്, കാസർകോട് പി.ഡബ്ല്യു.ഡി റോഡ്‌സ് ഡിവിഷൻറെ ആഭ്യന്തര ഓഡിറ്റ് സൂപ്രണ്ടിങ് എഞ്ചിനീയർ നടത്തിയിരുന്നു. സൂപ്രണ്ടിങ് എഞ്ചിനീയറുടെ റിപ്പോർട്ട് സി.എ.ജിയുടെ കണ്ടെത്തലുകൾക്ക് സമാനമാണ്.

Tags:    
News Summary - Excess paid to contractors: Govt loses Rs 1.34 crore in Kasaragod PWD Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.