ചങ്ങനാശ്ശേരി: ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി പിടിയിൽ. പായിപ്പാട് കൊച്ചുപറമ്പിൽ റിയാസ് മോനെയാണ് (ചാച്ചപ്പൻ -34) എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. 23 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് പിടികൂടി. കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
വീട്ടിലെ അലമാരയിലെ സേഫ് ലോക്കറിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു എം.ഡി.എം.എ. അതിരാവിലെ വീട് വളഞ്ഞ എക്സൈസ് സംഘത്തിന് നേരെ പ്രതി മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രിവന്റിവ് ഓഫിസർ കെ. രാജീവിന്റെ ഇടതു കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. മറ്റ് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗളൂരുവിൽനിന്ന് വൻതോതിൽ കടത്തിക്കൊണ്ടു വന്ന എം.ഡി.എം.എ സമൂഹമാധ്യമങ്ങൾ വഴിയാണ് വിതരണം ചെയ്തിരുന്നത്.
ചങ്ങനാശ്ശേരി മേഖലയിലെ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ഗ്രാമിന് 4000 രൂപ നിരക്കിൽ എം.ഡി.എം.എ വിതരണം ചെയ്തിരുന്ന റിയാസ്മോൻ മുമ്പ് എട്ടുകിലോ കഞ്ചാവ് കൈവശംവെച്ച കേസിലും പ്രതിയാണ്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിനൊപ്പം പ്രിവന്റിവ് ഓഫിസർ കെ. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ ദീപു ബാലകൃഷ്ണൻ, പി.ആർ. രതീഷ്, അനീഷ് രാജ്, വി. വിനോദ്കുമാർ, കെ.എസ്. നിമേഷ്, നിത, സിവിൽ എക്സൈസ് ഓഫിസർ ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ കെ.കെ. അനിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.