വണ്ടൂർ: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ഇൻസ്പെക്ടർക്ക് വെടിയേറ്റു. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ മനോജ് കുമാറിനാണ് (39) കാലിന് വെടിയേറ്റത്. തിങ്കളാഴ്ച രാത്രി വാണ ിയമ്പലം കുട്ടിപ്പാറയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ പ്രതി വാണിയമ്പലത്തെ ഭാര്യ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടാൻ പോയതായിരുന്നു എക്‌സൈസ് സംഘം. വീട് വളഞ്ഞപ്പോൾ പ്രതി വെടിയുതിർക്കുകയായിരു ന്നെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ എക്‌സൈസ് ഇൻസ്പെക്ടറെ വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ര തിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രകിയ
മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയെ വീടുവളഞ്ഞ് പിടികൂടുന്നതിനിടെ വാണിയമ്പലത്തുനിന്ന് വെടിേയറ്റ നിലമ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാറിനെ (40) അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വലത് കാൽമുട്ടിന് താഴെയായി പേശിയിൽ തുളഞ്ഞുകയറിയ വെടിയുണ്ട മറുവശത്തുകൂടി പുറത്തേക്ക് പോയ നിലയിലാണ്. വണ്ടൂർ നിംസ് ആശുപത്രിയിൽ കഴിയുന്ന മനോജിെൻറ ആരോഗ്യനില തൃപ്തികരമാണ്. തെളിവെടുപ്പിനിടെ ബംഗളൂരുവിൽനിന്ന് രക്ഷപ്പെട്ട കോട്ടയം നീണ്ടൂര്‍ ചക്കുപുരക്കല്‍ വീട്ടില്‍ ജോർജ് കുട്ടിയെ (34) പിടികൂടുന്നതിനിടെയാണ് തിങ്കളാഴ്ച അർധരാത്രി ഇന്‍സ്‌പെക്ടര്‍ക്ക് വെടിയേറ്റത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട് വളഞ്ഞതിനെ തുടര്‍ന്ന് ജോർജ് കുട്ടി വെടിയുതിര്‍ക്കുകയായിരുന്നു.
ജൂണ്‍ 23ന് തിരുവനന്തപുരത്ത് 20 കിലോ ഹഷീഷ് ഓയിലുമായി പിടികൂടിയ കേസിെൻറ തെളിവെടുപ്പിന് ബംഗളൂരുവിൽ കൊണ്ടുപോയപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. ബംഗളൂരുവിൽനിന്ന് ആന്ധ്രയിലേക്ക് കടന്ന പ്രതി പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മലപ്പുറത്തെത്തിയത്. തിരുവനന്തപുരത്തുനിന്നെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരും മലപ്പുറം ഡെപ്യൂട്ടി കമീഷണര്‍ കെ. സജിയുടെ നിർദേശാനുസരണം രൂപവത്കരിച്ച അന്വേഷണസംഘവും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് വാണിയമ്പലം ആറങ്കോടൻപാറ കോളനിക്ക് സമീപം മാടശ്ശേരിയിലുള്ള രണ്ടാം ഭാര്യയുടെ വീട്ടില്‍വെച്ച് ജോർജ് കുട്ടി പിടിയിലായത്.
മലപ്പുറം എക്‌സൈസ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ. പ്രദീപ്, ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി. സജിമോന്‍, എസ്. മനോജ്കുമാര്‍, റോബിന്‍ ബാബു, തിരുവനന്തപുരം എസ്.ഐ.ടി ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ടി. ഷിജുമോന്‍, എന്‍. ശങ്കരനാരായണന്‍, മധു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി. ലിജിന്‍, ടി.കെ. സതീഷ്, വി. സുഭാഷ്, കെ.എസ്. അരുണ്‍കുമാര്‍, സി. റിജു, എം. സുലൈമാന്‍, കെ. ദിനേശ്, പി. സവാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയിൽനിന്ന് പിടികൂടിയ തോക്കും തിരകളും വണ്ടൂര്‍ പൊലീസിന് കൈമാറി. മുമ്പ് സബ് ഇന്‍സ്‌പെക്ടറെ കുത്തി പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ജോർജ്കുട്ടിയെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ
മയക്കുമരുന്ന് കേസ് പ്രതി ജോര്‍ജ്കുട്ടിയെ എക്‌സൈസ് പിടികൂടിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ. കാളികാവ് റേഞ്ച് പരിധിയില്‍പ്പെട്ട വാണിയമ്പലത്തുള്ള ഭാര്യയുടെ വീട്ടില്‍ എത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണം തുടങ്ങിയത്. ഐ.ബി പ്രിവൻറിവ് ഓഫിസര്‍ ഷിജുമോെൻറ നേതൃത്വത്തിൽ ഒരാഴ്ചയായി രഹസ്യാന്വേഷണം നടത്തിയിരുന്നു. കാളികാവ് റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ സവാദ് നാലകത്തിെൻറ സഹായത്തോടെ തിങ്കളാഴ്ച ഉച്ച മുതല്‍ സമീപത്തെ വീട്ടുകാരുടെ സഹകരണം ഉറപ്പാക്കി പ്രതി ഒളിവില്‍ കഴിയുന്ന വീട് കണ്ടെത്തി.
വീട് വളഞ്ഞ് തുടരെ വാതിലില്‍ മുട്ടിയിട്ടും മറുപടിയുണ്ടായില്ല. അടുക്കള വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചപ്പോഴേക്കും വീടിനകത്തുനിന്ന് പ്രതി വെടിയുതിര്‍ത്തു. വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, എക്‌സൈസ് ജീവനക്കാരനായ റിജു പിറകെ ഓടി ലാത്തി ഉപയോഗിച്ച് പിറകില്‍നിന്ന് അടിച്ചുവീഴ്ത്തി കീഴടക്കുകയായിരുന്നു. കാലില്‍ വെടിയേറ്റിട്ടും ഇന്‍സ്‌പെക്ടര്‍ മനോജ് പ്രകടിപ്പിച്ച അസാമാന്യ ധൈര്യമാണ് പ്രതിയെ കീഴടക്കുന്നതില്‍ സംഘത്തിന് കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.