തിരുവനന്തപുരം: കരാർ പ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കെ, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദത്തിൽ.
സംസ്ഥാനത്തിന് നഷ്ടമുണ്ടായ സാഹചര്യത്തിൽ കമ്പനിക്ക് നഷ്ടപരിഹാരം അങ്ങോട്ടുനൽകി കരാർ അവസാനിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കമ്പനിക്ക് പണം നൽകാനുള്ള തീരുമാനം കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്.
മന്ത്രിസഭ തീരുമാനങ്ങൾ സംബന്ധിച്ച അറിയിപ്പിൽ നാലുവരി മാത്രമാണ് ഈ സുപ്രധാന വിഷയത്തിലെ തീരുമാനമുൾപ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശകൾ അംഗീകരിച്ചാണ് തീരുമാനമെന്നാണ് കുറിപ്പിലുള്ളത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയെ ഒഴിവാക്കുന്നതെന്നതിൽ അറിയിപ്പിലും മൗനംപുലർത്തി. നഷ്ടപരിഹാരം നൽകി ടീകോമിനെ ഒഴിവാക്കിയശേഷം പുതിയ സംരംഭകരെ കണ്ടെത്തി പദ്ധതി പുതിയ രൂപത്തിൽ ചലിപ്പിക്കാനാണ് സർക്കാർ നീക്കം. ഇൻഫോപാർക്കിന്‍റെ അടക്കം വികസനം സർക്കാറിന്‍റെ മുന്നിലുണ്ട്. അതേസമയം സർക്കാറിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന വിമർശനവുമുണ്ട്.
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം 2011ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്താണ് സ്മാർട്ട് സിറ്റി കരാർ ഒപ്പുവെച്ചത്. 90000 തൊഴിലവസരങ്ങൾ, 4000 കോടിയുടെ നിക്ഷേപമുൾപ്പെടെയുള്ള വ്യവസ്ഥകൾ കരാറിന്‍റെ ഭാഗമായിരുന്നു. ‘ലോകം തൊഴിൽതേടി കേരളത്തിലേക്കെത്തുമെന്ന’ വാഗ്ദാനത്തോടെ തുടക്കമിട്ട പദ്ധതി, 10 വർഷം പിന്നിട്ടിട്ടും ലക്ഷ്യമിട്ടതിന്‍റെ 10 ശതമാനംപോലും എത്തിയിട്ടില്ലെന്ന തിരിച്ചറിവിലാണ് ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനം. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ടീകോം സർക്കാറിനെ അറിയിച്ചെന്നാണ് സൂചന. എന്നാൽ, ഒത്തുതീർപ്പും ബാധ്യത ഒഴിവാക്കലും എത്രത്തോളം നിയമപരമെന്നതാണ് പ്രതിപക്ഷവും വിദഗ്ധരും ചോദിക്കുന്നത്.
കരാറിലെ വ്യവസ്ഥ 7.2.2 സി പ്രകാരം കമ്പനി പിന്മാറുന്ന പക്ഷം അവർ സർക്കാറിന് നഷ്ടപരിഹാരം നൽകുകയാണ് വേണ്ടെതെന്ന് വി.എസ്. അച്യുതാനന്ദന്‍റെ മുൻ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനം നടത്തിയ നിക്ഷേപവും മറ്റ് ചെലവുകളും കണക്കാക്കണം. ഈ തുക ടീകോം സർക്കാറിന് നൽകി പിന്മാറണമെന്നാണ് വ്യവസ്ഥ. അങ്ങോട്ട് പണംകൊടുക്കാനുള്ള തീരുമാനം കരാർ വിരുദ്ധവും യുക്തിരഹിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാർട്ട്സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ 16 ശതമാനം ഓഹരി പങ്കാളിത്തമാണ് സംസ്ഥാന സർക്കാറിനുള്ളത്. 84 ശതമാനം ടീകോമിനും. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ മുഖ്യമന്ത്രിയാണ്. സർക്കാറിന്‍റെ 246 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി പാട്ടത്തിന് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.