പെരിന്തൽമണ്ണ: മനോഹരമായ നിറങ്ങളിൽ ചുവരിൽ പതിഞ്ഞ പൂക്കളുടെയും പൂമ്പാറ്റകളുടെയും ചെടികളുടെയും ചിത്രങ്ങളിൽ നോക്കിനിൽക്കുമ്പോൾ ഉള്ളിൽ നീറ്റൽ പടരുന്നത് അനുഭവിച്ചറിയാം. പെരിന്തൽമണ്ണ അഡീഷനൽ സെഷൻസ് സ്പെഷൽ പോക്സോ കോടതിയുടെ ചുവരുകളിലാണ് മനോഹരമായ ചിത്രങ്ങൾ. കേസിൽ ഇരകളായി എത്തുന്ന കുട്ടികൾ വരച്ചതാണിവ. തെരഞ്ഞെടുത്ത 30പരം ചിത്രങ്ങൾ ലോക ശിശുദിനത്തിൽ കോടതി വരാന്തയിൽ ചുമരുകളിൽ പ്രദർശിപ്പിച്ചു. ചിത്രങ്ങളിൽ ചിലതിൽ കുട്ടികൾ തന്നെ ചേർത്ത കമന്റുകളും ഉണ്ട്. കുട്ടികളെ തിരിച്ചറിയുന്ന അടയാളങ്ങളൊന്നും ഇല്ല.
പോക്സോ കേസുകളുടെ ചുമതലയുള്ള പബ്ലിക് പ്രൊസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് മുൻകൈയെടുത്താണ് കുട്ടികളുടെ വിശ്രമമുറി ശിശു സൗഹൃദ കേന്ദ്രമാക്കിയത്. കേസുകളിൽ പ്രോസിക്യൂഷനെ സഹായിക്കുന്നത് പെരിന്തൽമണ്ണ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സൗജത്താണ്. കേരളത്തിൽ ആദ്യമായി ശിശു സൗഹൃദ കോടതി അന്തരീക്ഷം ഒരുക്കിയതും കോവിഡ് കാലത്ത് ഇവിടെയാണ്.
കോടതി നടപടികൾ പുരോഗമിക്കുമ്പോൾ സാക്ഷികളായ കുട്ടികളെ ഇരുത്തുന്ന വിശ്രമ മുറിയുടെയും വരാന്തയുടെയും ഭിത്തികളിലും കുട്ടികളെ ആകർഷിക്കുന്ന മനോഹരമായ പെയിന്റിങ്ങുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.