തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിലെ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീൻ അതിരൂപത നേതൃത്വത്തിലെ സമരസമിതി ഈ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ, തദ്ദേശ ജനതയുടെ പ്രതിനിധികളായി ആരെയും ഉൾപ്പെടുത്താതെയാണു സമിതി രൂപവത്കരിച്ചത്.
പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ മുൻ അഡീഷനൽ ഡയറക്ടർ എം.ഡി. കുഡാലേ, കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സ്കൂൾ ഓഫ് നാചുറൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ അസോസിയറ്റ് പ്രഫസർ ഡോ. തേജൽ കനിത്കർ, കണ്ടല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എൻജിനീയർ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് സമിതി അംഗങ്ങൾ. സമിതിയുടെ പരിഗണനാവിഷയങ്ങൾ പ്രത്യേക ഉത്തരവായി ഇറക്കും.
നിർമാണം നിർത്തിവെച്ചാകണം പഠനമെന്ന സമരസമിതി ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ചാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതിയോട് മൂന്നു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് ലഭ്യമാക്കാൻ നിർദേശിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി 2014ൽ ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ അക്രഡിറ്റഡ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഈ പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും 10 കിലോമീറ്റർ വീതമുണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തീരം നിരീക്ഷിക്കാന്‍ മോണിറ്ററിങ് സെല്ലും രൂപവത്കരിച്ചിരുന്നു. ഇതനുസരിച്ച് പഠനവും നിരീക്ഷണവും തുടരുന്നെന്നും ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ നിലപാട്.
തീരശോഷണത്തിന് തുറമുഖ നിര്‍മാണവുമായി ബന്ധമില്ലെന്നാണ് സർക്കാർ നിലപാട്. പദ്ധതി ആരംഭിക്കുന്നതിനുമുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവുമുണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടുള്ളതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.