മുന്നറിയിപ്പ് നൽകുന്നതിൽ നിരന്തരം ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടുവെന്ന് വിദഗ്ധർ

കോഴിക്കോട് : മുന്നറിയിപ്പ് നൽകുന്നതിൽ നിരന്തരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടുവെന്ന് വിദഗ്ധർ. സംസ്ഥാനത്തെ ദുരന്ത നിവാരണ നയം ഉണ്ടാക്കിയിട്ട് 15 വർഷം കഴിഞ്ഞു. ഓഖി മുന്നറിയിപ്പ് നൽകാൻ അതോറിറ്റിക്ക് കഴിഞ്ഞില്ല. അന്ന് തക്കസമയം മുന്നിറിയിപ്പ് ഉണ്ടായില്ല. 2018ൽ പ്രളയം രാത്രയിലാണ് സംഭവിച്ചത്. ആറന്മുള അടക്കം വെള്ളം കയറി വൻ നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് കണക്കുകൾ പ്രകാരം 5000 ഉരുൾപൊട്ടൽ നടന്നിട്ടുണ്ട്. 50 വർഷത്തെ ചരിത്രത്തിൽ 300 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ദുരന്തനിവാരണത്തിന് ഏകോപനം ഉണ്ടാവുന്നില്ല. 2016ലാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.

അതോറിറ്റിയുടെ ചെയർമാർ മുഖ്യമന്ത്രിയാണ്. ചീഫ് സെക്രട്ടറിയാണ് സി.ഇ.ഒ. അതോറിറ്റിയിൽ നാലഞ്ച് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഉരുൾപൊട്ടലിനെക്കുറിച്ച് ചെറിയ പഠനം മാത്രം. അതോറിറ്റിക്ക് നേരത്തെ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. അതിന് സംസ്ഥാന തലത്തിലും പ്രദേശിക തലത്തിലും ഏകോപനം ആവശ്യമാണ്. കാര്യക്ഷമതയുള്ള ഭരണ സംവിധാനം വേണം. അതോറിറ്റിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തം വേണമെന്നാണ് പരിസ്ഥതി പ്രവർത്തകരുടെ അഭിപ്രായം.

കേരളം അടുത്ത ദുരന്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ നടന്ന ഉരുൾപൊട്ടൽ അത്യൂഗ്ര സ്ഫോടനത്തിന് തുല്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി കേരളത്തിൽ പല മേഖലകളിലും ഗവേഷണം നടത്തുന്ന ശാസ്ത്ര സ്ഥാപനങ്ങളുണ്ട്. നമ്മുടെ  ഗവേഷണരംഗം സജീവമാണ്. ജലം, കാട് എന്നിവ സംബന്ധിച്ച് പഠനം നടത്താൻ സ്ഥാപനങ്ങളും ശാസ്ത്ര വിദഗ്ധന്മാരും കേരളത്തിലുണ്ട്. മഴയെ പ്രവചിക്കുന്ന കാര്യത്തിൽ മാറ്റം വന്നിട്ടുണ്ട്. കേരളം ഇക്കാര്യത്തിൽ വിശകലന രീതി വികസിപ്പിക്കണം.

ഗവേഷണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രദേശികമായി ഡാറ്റാ ശേഖരിക്കണം. അത് പ്രകാരം ശരിയായ വിശകലനം നടത്തണം. ഒഡീഷ ദുരന്ത നിവാരണത്തിലും മുന്നറിയിപ്പ് നൽകുന്നതിലും വലിയ മുന്നേറ്റം നടത്തി. അവർ ദുരന്ത നിവാരണത്തിൽ ഏറെ നടപടികൾ സ്വീകരിച്ചു. കേരളം ഇക്കാര്യത്തിൽ വളരെ പിന്നാക്കമാണ്. ദുരന്തനിവാരണ അതോറിറ്റിയും മറ്റ് ഗവേഷണ സ്ഥാനപനങ്ങളും ശക്തിപ്പെടുത്താനും ഭൂവിനിയോഗ നയം ശക്തമായി നടപ്പാക്കാനും കേരളം തയാറാകണം. പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണം.

മുണ്ടക്കൈയും പരിസര പ്രദേശങ്ങളും റിസോർട്ടുകളുടെയും ഹോം സ്റ്റേയുടെയും പറുദീസയായി. വെള്ളിരിമലയിലും ചേമ്പ്രമലയിലും അനിയന്ത്രിത നിർമാണത്തിന് അനുമതി നൽകിയിരുന്നു. പണമുള്ളവർക്ക് നിയമം വിലക്ക് വാങ്ങാൻ കഴിയുന്ന സ്ഥിതി സംസ്ഥാനത്തുണ്ട്. ടൂറിസം മേഖലയിൽ  മുതൽമുടക്ക് നടത്താനെത്തുന്നവർക്കായി പാരിസ്ഥിതിക നിയമങ്ങൾ അട്ടിമറിക്കുന്നു. ഇതൊന്നും പുനഃപരിശോധിക്കാതെ മുന്നോട്ടുപോയാൽ സർക്കാരിന് ഇനിയും വലിയ പാരിസ്ഥിതിക ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. 

Tags:    
News Summary - Experts say the Disaster Management Authority has consistently failed to issue warnings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.