‘ഭക്ഷണം നൽകാൻ ആര് വന്നാലും അതിനൊരു തടസ്സവുമില്ല’; ഊട്ടുപുര പൂട്ടിച്ച പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മേപ്പാടി: വയനാട് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലും മറ്റുമുള്ളവർക്കായി മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസ് നടപടിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവം ഉന്നത ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, രക്ഷാപ്രവർത്തകർക്ക് നൽകുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് സ്വീകരിച്ച സമീപനം ശരിയായില്ലെന്നാണ്. അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചതെങ്കിൽ അത് ശരിയല്ല. ഇതുവരെ എല്ലാവരെയും യോജിപ്പിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. സർക്കാറിന്റെ നയത്തിന് വ്യത്യസ്തമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്ന് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. വളരെ കൃത്യമാണ്, ബെയ്‍ലി പാലത്തിനപ്പുറത്ത് രക്ഷാദൗത്യത്തിൽ പ​​ങ്കെടുക്കുന്നവർക്ക് നൽകുന്ന ഭക്ഷണം ഔദ്യോഗികമായി പരിശോധിക്കപ്പെടണം. എന്നാൽ, ബെയ്‍ലി പാലത്തിനപ്പുറത്ത് ഭക്ഷണം നൽകാൻ ആര് തയാറായി വന്നാലും അതിനൊരു തടസ്സവുമില്ല. ആരോ കൺഫ്യൂഷനുണ്ടാക്കാൻ

ബോധപൂർവം ശ്രമിക്കുകയാണ്. ഇതുവരെയുള്ള നമ്മുടെ ഐക്യത്തെ തടസ്സപ്പെടുത്താനും വിഭജിക്കാനുമുള്ള ശ്രമം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടോയെന്ന് പരി​ശോധിക്കണം’ -മന്ത്രി പറഞ്ഞു.

ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയിലെ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് കള്ളാടി മഖാം കേന്ദ്രീകരിച്ച് നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഇത് പൂട്ടേണ്ടി വന്നതെന്ന് വൈറ്റ്​ഗാർഡ് പ്രവർത്തകർ ആരോപിച്ചിരുന്നു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും ഇവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരക്ക് മുന്നിൽ ഫ്ലക്സും കെട്ടിയിരുന്നു.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസൺ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്'- എന്നിങ്ങനെയാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്.

Tags:    
News Summary - 'There is no hindrance to whoever comes to give food'; Minister Mohammed Riyas against police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.