ഉരുൾപൊട്ടൽ ബാധിച്ച മൂന്ന് വാ‍ർഡുകളിൽ തദ്ദേശ വകുപ്പ് വിവര ശേഖരണം തുടങ്ങി

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ വിവര ശേഖരണം തുടങ്ങി. ഈ മേഖലയില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. പത്താം വാര്‍ഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

മേഖലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണം, പട്ടിക തയാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശനഷ്ടങ്ങളുടെ കണക്ക് തയാറാക്കല്‍, കൗണ്‍സിലര്‍മാരുടെയും മാലിന്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ പ്രവ‍ർത്തനങ്ങളും നടക്കുന്നുണ്ട്.

പ്രശ്ന ബാധിത മേഖലയിലെ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങി. ത്രിതല പഞ്ചായത്ത് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിലും മൃതദേഹങ്ങളുടെ സംസ്കരണത്തിലും തദ്ദേശ വകുപ്പാണ് മുന്നോട്ട് പോകുന്നത്. ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയിലെ ആളുകളെ മാറ്റിതാമസിപ്പിച്ച 17 ക്യാമ്പുകളിലും 24 മണിക്കൂര്‍ കൗണ്‍സിലിങ് സേവനം നല്‍കുന്നുണ്ട്. 

Tags:    
News Summary - The local department has started data collection in the three landslide-affected wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.