തലശ്ശേരി: തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്കായി തലശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ഡബ്ള്‍ ഡക്കര്‍ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി. ഒരേസമയം നഗരക്കാഴ്ചകളും ആകാശക്കാഴ്ചകളും യാത്രികര്‍ക്ക് ആസ്വദിക്കാനാവുന്ന റൂഫ്ലൈസ് ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പൈതൃക നഗരിയായ തലശ്ശേരിയുടെ ടൂറിസം വളര്‍ച്ചക്ക് ഹെറിറ്റേജ് ബസ് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍, തലശ്ശേരി നഗരസഭ ചെയര്പേഴ്സൻ കെ.എം. ജമുനാറാണി, സബ്കലക്ടര്‍ സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം മന്ത്രിയുടെയും സ്പീക്കറുടെയും നേതൃത്വത്തില്‍ തലശ്ശേരിയില്‍ ബസില്‍ സവാരിയും നടത്തി.
ആദ്യ യാത്ര ശനിയാഴ്ച പുറപ്പെടും. തലശ്ശേരി ഡിപ്പോയില്‍നിന്ന് യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം, തലശ്ശേരി ദേശീയപാതയിലെ പഴയ കോടതി കെട്ടിട സമുച്ചയം, സെന്റിനറി പാര്‍ക്ക്, സീവ്യൂ പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹര്‍ഘട്ട്, കടല്പാലം, പാണ്ടികശാലകള്‍, ഗോപാലപേട്ട ഹാര്‍ബര്‍ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസിലിക്ക ചര്‍ച്ച്, മൂപ്പന്‍സ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം അഴിയൂരിലെത്തും. ഇവിടെനിന്ന് ബൈപാസിലൂടെ മുഴപ്പിലങ്ങാട് വഴി തലശ്ശേരിയില്‍ തിരിച്ചെത്തുന്നതാണ് നിലവിലെ റൂട്ട് മാപ്പ്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
അടുത്തഘട്ടത്തില്‍ പൊന്ന്യം ഏഴരക്കണ്ടം, കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങള്‍ കൂടി ഉൾപ്പെടുത്തും. ഏഴു മണിക്കൂറേക്കുള്ള യാത്ര തലശ്ശേരിക്കാര്‍ക്ക് പുതിയ അനുഭവം പകരും. വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കും പ്രത്യേക ഇളവോടെയുള്ള പാക്കേജുമുണ്ടാവും. പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുന്‍കൈയെടുത്താണ് ഡബ്ള്‍ ഡക്കര്‍ ബസ് തലശ്ശേരിയിലെത്തിച്ചത്.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല്, നഗരസഭ വൈസ് ചെയര്മാന് വാഴയില്‍ ശശി, കെ.എസ്.ആര്‍ടി.സി നോര്‍ത്ത് സോണ്‍ ജനറല്‍ മാനേജര്‍ കെ.എസ്. സരിന്, ജില്ല ഓഫിസര്‍ അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, കെ.എസ്.ആര്‍ടി.സി, ആര്‍ടി.ഒ ഉദ്യോഗസ്ഥര്‍, സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു.
ബുക്കിങ്ങിന്: ടി.കെ. റിനീഷ് ബാബു 9495650994, കെ.ടി. ദിബീഷ് 9895221391, സി. ഹരീന്ദ്രന്‍ 9847940624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.