കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനത്തിന് ദൂരപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച പഠനത്തിന്‍റെ ഭാഗമായി സ്ഫോടന പരീക്ഷണം നടത്താൻ വിദഗ്ധ സമിതി. വടക്ക്, തെക്ക്, മധ്യ മേഖലകളിലെ മൂന്നുവീതം ക്വാറികൾ തെരഞ്ഞെടുത്താണ് പഠനം നടത്തുക. കേന്ദ്ര മൈനിങ്, ഫ്യുവൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷണത്തിലൂടെ ക്വാറികൾക്ക് ചുറ്റുമുള്ള ജനവാസ മേഖലയിലും പരിസ്ഥിതിയിലും വരുന്ന പ്രത്യാഘാതം വിലയിരുത്തും.
ക്വാറികളുടെ പ്രവർത്തനത്തിന് കൂടുതൽ ദൂരപരിധി നിശ്ചയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഇറക്കിയ ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ ഹരജിയെ തുടർന്നാണ് വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിശ്ചയിച്ചത്. ഖനനത്തിന് സ്ഫോടനം നടത്തുന്ന ക്വാറികൾക്ക് ജനവാസ മേഖലകളിൽനിന്ന് 100 മീറ്ററും അല്ലാത്തവക്ക് 200 മീറ്ററുമാണ് ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ച ദൂരപരിധി. ഇതിനെതിരെ കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഏഴ് ക്വാറി ഉടമകളാണ് ഹരജി നൽകിയത്.
കേരള മലിനീകരണ നിയന്ത്രണ വകുപ്പും ഖനന വകുപ്പും ക്വാറികൾക്ക് നിശ്ചയിച്ച ദൂരപരിധിയിൽ ഇടപെടരുതെന്നാണ് ഇവരുടെ ആവശ്യം. തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള സുരക്ഷിതദൂരം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഹരിത ട്രൈബ്യൂണൽ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സ്ഫോടനത്തിന് നോനൽ ഡിറ്റണേറ്റർ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം പഠിക്കാനും നിർദേശിച്ചിട്ടുണ്ട്.
സ്ഫോടനം കൊണ്ട് മണ്ണ്, ഭൂമി, കെട്ടിടങ്ങൾ, വന്യജീവികൾ എന്നിവക്കുണ്ടാകുന്ന പ്രശ്നങ്ങളും ശബ്ദം, വായുമലിനീകരണം എന്നിവയും സമിതി പരിശോധിക്കും. മേയ് ആറിന് എറണാകുളം ജില്ലയിലെ മൂന്ന് ക്വാറികൾ സന്ദർശിച്ച് സമിതി തെളിവെടുത്തിരുന്നു. അമ്പത് മുതൽ 250 വരെ മീറ്റർ ചുറ്റളവിൽ സ്ഫോടനം വരുത്തുന്ന വിറയൽ ഉൾപ്പെടെ സമിതി നിരീക്ഷിക്കും. വായു, ശബ്ദ മലിനീകരണം എന്നിവയും പഠിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
2021 ഡിസംബർ 19ന് ഹരിത ട്രൈബ്യൂണൽ ഇറക്കിയ ഉത്തരവിൽ നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടതെങ്കിലും സംസ്ഥാന ഖനന വകുപ്പ് ക്വാറികൾ നിലനിൽക്കുന്ന സ്ഥലത്തെ സാങ്കേതിക ഭൂപടങ്ങളും വിവരങ്ങളും നൽകാൻ വൈകി. ഇക്കഴിഞ്ഞ ജൂൺ 28നാണ് പിന്നീട് വിവരങ്ങൾ കൈമാറിയത്. ഇതോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഒക്ടോബർ വരെ വിദഗ്ധ സമിതി ട്രൈബ്യൂണലിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.