പാലക്കാട്: അടിക്കടി വൈദ്യുതി നിരക്കും സർചാർജും കൂട്ടി ജനത്തെ കൊള്ളയടിക്കുന്ന കെ.എസ്.ഇ.ബി, കുടിശ്ശിക പിരിക്കുന്നതിൽ പിന്നിൽ. വൈദ്യുതി നിരക്കിനത്തിൽ 3585 കോടി രൂപ പിരിഞ്ഞുകിടാനുള്ള വൈദ്യുതി ബോർഡ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പിരിച്ചെടുത്തത് 300 കോടി രൂപ മാത്രം. കുടിശ്ശിക വരുത്തുന്നത് അധികവും സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും.
കെ.എസ്.ഇ.ബി കഴിഞ്ഞ ആറുവർഷത്തിനിടെ മൂന്നുതവണയാണ് വൈദ്യുതിനിരക്ക് കുത്തനെ കൂട്ടിയത്. 2017ൽ 4.77 ശതമാനം ചാർജ് വർധന വരുത്തിയപ്പോൾ ബോർഡിന് ലഭിച്ച അധിക വരുമാനം 550 കോടി രൂപ. 2019ൽ 7.32 ശതമാനം നിരക്ക് വർധനയുണ്ടായപ്പോൾ കെ.എസ്.ഇ.ബിയുടെ കൈവശം അധികമായി എത്തിയത് 902 കോടി. 2022ൽ 6.59 ശതമാനം നിരക്ക് വർധിപ്പിച്ച് 760 കോടിയുടെ അധികവരുമാനമുണ്ടാക്കി. മൂന്നു നിരക്ക് വർധനവിലൂടെ കെ.എസ്.ഇ.ബിക്ക് ആകെ ലഭിച്ച അധികവരുമാനം 2212 കോടി രൂപ. ഇതിനു പുറമേയാണ് ഉപഭോക്താക്കളിൽനിന്ന് സർചാർജ് ഈടാക്കിയുള്ള കൊള്ളയടി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്ന് തവണയാണ് സർചാർജ് ഈടാക്കിയത്. ഇതിലൂടെ ബോർഡിന് ലഭിച്ചത് 280 കോടി രൂപ. 2022 ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 77.63 കോടി രൂപയാണ് സർചാർജിനത്തിൽ കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്തിയത്. 2022 ജൂലൈ മുതൽ ഡിസംബർ വരെ 179 കോടിയും കഴിഞ്ഞ ഏപ്രിലിൽ മാത്രം 23.92 കോടിയും സർചാർജിനത്തിൽ ഈടാക്കി. നിരക്ക് വർധനക്ക് കാരണമായി കെ.എസ്.ഇ.ബി പ്രധാനമായും ചൂണ്ടിക്കാട്ടുന്നതും പുറമേനിന്ന് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ബാധ്യതയാണ്. വൈദ്യുതി റെഗുലേറ്ററി ബോർഡിന്റെ അനുമതിയോടെ സർചാർജ് ഈടാക്കാനും ഇതേ കാരണമാണ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളാണ് വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയവയിൽ മുന്നിൽ. 1768.80 കോടി രൂപയാണ് ഇവയുടെ മാത്രം കുടിശ്ശിക. 141.43 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകുപ്പുകളുടെ കുടിശ്ശിക. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ 110.42 കോടിയും കേന്ദ്രസർക്കാർ വകുപ്പുകൾ 2.09 കോടിയും നൽകാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക -1086.15 കോടി. ഗാൾഹിക ഉപഭോക്താക്കളിൽനിന്ന് കിട്ടാനുള്ളത് 389.81 കോടി രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.