പക്ഷിപ്പനിയിൽ അതിജാഗ്രത

തിരുവനന്തപുരം: ഇടവേളക്കുശേഷം സംസ്ഥാനം പക്ഷിപ്പനി ഭീതിയിലേക്ക്. ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പുറമെ തിരുവനന്തപുരത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സർക്കാറിന്‍റെ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രമായ കോഴിക്കോട് ചാത്തമംഗലം റീജനൽ പൗൾട്രി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻ.ഐ.എച്ച്.എസ്.എ.ഡി) ലാബിൽ നിന്നുള്ള പരിശോധന ഫലം ബുധനാഴ്ച വൈകീട്ടോടെ ലഭിച്ചു.

ഇതോടെ പഴുതടച്ച പ്രതിരോധ നടപടികളിലേക്ക് കടക്കാൻ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് നേരിട്ട് നടത്തുന്ന ചാത്തമംഗലം ഫാമിൽ ഇതാദ്യമായാണ് പക്ഷിപ്പനി. കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ പ്രത്യേക പരിചരണം നൽകി വളർത്തുന്ന ആറായിരത്തോളം കോഴികളാണ് ഇവിടെയുള്ളത്. സുരക്ഷമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അധിക വ്യാപന ശേഷിയുള്ള എച്ച്5എൻ1 വകഭേദം ആണ് സ്ഥിരീകരിച്ചത്.

ആലപ്പുഴയിൽനിന്ന് ബുധനാഴ്ച വീണ്ടും സാമ്പ്ൾ ശേഖരിച്ച് ഭോപ്പാൽ ലാബിലേക്കയച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപ്പക്ഷികൾ എന്നിവയുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂരിൽ പക്ഷികളെ കൊന്നൊടുക്കുന്ന ദൗത്യം ചൊവ്വാഴ്ച പൂർത്തിയാക്കിയിരുന്നു.

ഏഴ് വാർഡുകളിൽ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ച എട്ട് ദൗത്യസംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. ഈ വാർഡുകളിലെ പരിസരം അണുമുക്തമാക്കുന്ന പ്രവൃത്തികൾ വ്യാഴാഴ്ചകൂടി തുടരും. അതിനുശേഷം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ജില്ല മൃഗസംരക്ഷണ ഓഫിസർ റിപ്പോർട്ട് നൽകും. ഇത് കേന്ദ്രസർക്കാറിന് കൈമാറും. കേന്ദ്രസർക്കാറാണ് പ്രദേശം പക്ഷിപ്പനി മുക്തമായെന്ന് സർട്ടിഫൈ ചെയ്യേണ്ടത്. ഇത് ലഭിച്ചാൽ മാത്രമേ കോഴിക്കടകളും ഫാമുകളും തുറന്ന് പ്രവർത്തിപ്പിക്കാനാകൂ.

Tags:    
News Summary - Extreme caution in bird flu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.