ആലപ്പുഴ: മേയ് 15 ഓടെ സംസ്ഥാനത്തെ കടുത്ത ചൂടിന് വിരാമമാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. മേയ് 15 ഓടെ സംസ്ഥാനത്ത് വ്യാപകമായി മൺസൂണിന് മുമ്പുള്ള മഴ തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ദക്ഷിണാർഥ ഗോളത്തിൽ തണുത്ത വായുവിന്റെ ഒഴുക്ക് തുടങ്ങിയത് മൺസൂണിന്റെ വരവിന്റെ സൂചനയായി കണക്കാക്കുന്നു. അറബിക്കടലിന്റെ ഉപരിതല താപനില കുറഞ്ഞുതുടങ്ങിയതും മൺസൂണിന്റെ വരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
മേയ് 15 ഓടെ കേരളത്തിലെ നിലവിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടായേക്കാമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോൾ പെയ്യുന്ന ഇടവിട്ടുള്ള ചെറിയ മഴയെക്കാൾ നല്ല മഴയായിരിക്കും ഉണ്ടാകുക. മേയ് 11 മുതൽ മാറ്റങ്ങൾ കണ്ടുതുടങ്ങും. ഇപ്പോൾ വീശുന്ന വടക്കൻ കാറ്റ് മാറി തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതോടെയാണ് സംസ്ഥാനത്ത് കാലവർഷെമത്തുക. കാറ്റിന്റെ ദിശ മാറുന്നതിന്റെ സൂചനകൾ ശ്രീലങ്കൻ തീരത്തിനടുത്ത് കണ്ടുതുടങ്ങിയതായി റിപ്പോർട്ടുണ്ട്.
ദക്ഷിണാർധ ഗോളത്തിൽനിന്ന് തണുത്ത വായുവിന്റെ പ്രവാഹവും തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കാറ്റ് ഭൂമധ്യരേഖ കടന്ന് ആഫ്രിക്കൻ തീരപ്രദേശങ്ങളിലൂടെ ഇന്ത്യൻ ഉപദ്വീപിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ, തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥ സംജാതമാകും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുസമീപം തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ മേഖല മേയ് 15 ഓടെ രൂപപ്പെട്ട് വരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ചൂട് കൂടുന്നതാണ് തണുത്ത കാറ്റിന്റെ വരവിന് വഴി തെളിക്കുന്നത്.
ദക്ഷിണാർധ ഗോളത്തിൽ ശീതകാലം ജൂൺ മൂന്നാം വാരത്തോടെ ആരംഭിക്കും. അതിനുശേഷം കൂടുതൽ തണുത്ത കാലാവസ്ഥയും ഊർജസ്വലമായ മൺസൂണും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിദഗ്ധനായ രാജഗോപാൽ കമ്മത്ത് മാധ്യമത്തോട് പറഞ്ഞു. അറബിക്കടലിന്റെ ഉപരിതല താപനില കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. മേയ് ഏഴിന് 31ഡിഗ്രി സെൽഷ്യസായിരുന്ന താപനില ഇപ്പോൾ 27 ഡിഗ്രി സെൽഷ്യസിലെത്തിയത് സമുദ്രജലം തണുക്കാൻ തുടങ്ങിയതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.