തുറമുഖത്ത് അമോണിയ വാതക ചോർച്ച: ആറുപേർ ആശുപത്രിയിൽ

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ എഫ്.എ.സി.ടി സംഭരണ കേന്ദ്രത്തിൽനിന്ന്​ അമോണിയ വാതകം ചോർന്നു. വലിയ സംഭരണ കേന്ദ്രത്തിൽനിന്ന്​ വാഹനത്തിലേക്ക്​ പകർത്തുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ബുള്ളറ്റ് ടാങ്കർ ലോറിയുടെ വാൽവിലുണ്ടായ തകരാറാണ് ചോർച്ചക്ക്​​ കാരണം. ഉച്ചക്ക് ഒന്നോടെയുണ്ടായ ചോർച്ച മൂന്നര മണിക്കൂറിന്​ ശേഷമാണ് നിയന്ത്രിക്കാനായത്. ലോറിയിലുണ്ടായിരുന്ന വാതകം മുഴുവൻ ചോർന്നു തീരുന്നതുവരെ കാത്തിരിക്കേണ്ടി വന്നതിനാലാണ് നിയന്ത്രിക്കാൻ താമസിച്ചത്.  ചോർച്ചയെത്തുടർന്ന്​ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചളിക്കവട്ടം സ്വദേശി ലിജിൻ (31), റിഫൈനറി ജീവനക്കാരയ സെയ്ത് (26), രതീഷ് (37) വെണ്ണല സ്വദേശി സനീഷ് (31), കേന്ദ്രീയ വിദ്യാലയ വിദ്യാർഥിനി ഐശ്വര്യ (16), ഫാക്ട് ജീവനക്കാരൻ ബിജു (37), എന്നിവരെയാണ് ആദ്യം പോർട്ട് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്​. ലിജിനും സനീഷും സിനിമ ഷൂട്ടിങ്ങി​​​​െൻറ ഭാഗമായി തുറമുഖത്തെത്തിയതായിരുന്നു.

ചോർച്ചയെത്തുടർന്ന്​ തുറമുഖത്തേക്കുള്ള കവാടങ്ങൾ അടച്ചു. തോപ്പുംപടി പഴയപാലം വഴിയുള്ള ഗതാഗതവും പൊലീസ് തടഞ്ഞു. ഐലൻഡിലെ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെയും സമീപത്തെ ക്വാട്ടേഴ്സുകളിലെ ആളുകളെയും ഒഴിപ്പിച്ചു. പത്തോളം കുട്ടികളെ പോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട​ ഇവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടു.

സമീപത്തെ ഓഫിസുകളിൽ ജോലി ചെയ്തിരുന്നവർക്കും ബസിൽ യാത്ര ചെയ്തവർക്കും വാതകം ശ്വസിച്ചതിനെത്തുടർന്ന്​ കണ്ണെരിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടു.ചോർച്ചയെത്തുടർന്ന്​ വിവിധ സ്ഥലങ്ങളിൽനിന്ന്​ മുപ്പതോളം ഫയർഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തി. പൊലീസ്, സി.ഐ.എസ്.എഫ് തുടങ്ങിയവരും സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു. ഫോർട്ട്കൊച്ചി സബ് കലക്​ടർ ഇമ്പശേഖർ, ഡെപ്യൂട്ടി കലക്​ടർ ഷീലാദേവി, അസി. കമീഷണർ എസ്. വിജയൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - FACT Amonia Leak-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.