തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭം തുടങ്ങാനിരിക്കെ സമരങ്ങളോടുള്ള മുൻനിലപാട് മയപ്പെടുത്തി ഗതാഗതമന്ത്രി ആന്റണി രാജു. ന്യായമായ കാര്യത്തിന് സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സി.ഐ.ടി.യു അടക്കം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നിലപാട് മാറ്റം.
'വരുമാനത്തെ ബാധിക്കാതെയും പണിമുടക്ക് നടത്താതെയും സമരം ചെയ്യുമെന്ന നിലപാട് സ്വാഗതാർഹമാണ്. ഇതിന് സർക്കാർ എതിരല്ല. ഇത്തരം സമരങ്ങളുമായി വരുന്നതിനെ ആർക്കും തടയാനുമാകില്ല. ഇടതുസർക്കാർ ഭരിക്കുമ്പോൾ പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്താനുള്ള സമരങ്ങൾ അനിവാര്യവുമാണ്.
സംഘടനകളുടെ സമീപനം ഇപ്പോൾ കുറേക്കൂടി പോസിറ്റിവാണ്. അതിനെ സ്വാഗതം ചെയ്യുന്നു'- മന്ത്രി പ്രതികരിച്ചു. മേയിലെ തൊഴിലാളി സമരങ്ങളിൽ യൂനിയനുകളെ പ്രകോപിപ്പിക്കും വിധം പരാമർശങ്ങൾ നടത്തിയ മന്ത്രിയാണ് ഇപ്പോൾ നിലപാടിൽ അയവുവരുത്തിയിരിക്കുന്നത്.
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ മേയ് മാസത്തിലെ വരുമാനം 193 കോടിയിൽ അധികമുണ്ടായിട്ടും അഞ്ചാം തീയതിക്കകം ജീവനക്കാരുടെ ശമ്പളം നൽകാതെ പട്ടിണിക്കിടുന്ന മാനേജ്മെൻറ് നിലപാട് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും കെ.എസ്.ടി.ഇ.ഒ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
തൊഴിലാളികളെ ശത്രുക്കളായി കണ്ടുള്ള എല്ലാ പുതിയ പരിഷ്കാരങ്ങളും പാളിപ്പോവുകയാണ്. വർക്കിങ് പ്രസിഡന്റ് ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ പുന്നല, സിദ്ദീഖലി മടവൂർ, റഫീഖ് പിലാക്കൽ, സാജിദ് മുണ്ടക്കയം, സുരേഷ് ചാലിൽപുറായിൽ, ജാഫർ വെളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.