തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി. ഗൂഢാലോചനയില്‍ പങ്കുള്ളവരാകും അറസ്റ്റിലാകുന്നത്. രണ്ട് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഭാര്യയും മക്കളും മതം മാറുമെന്ന ഭീതിയിലാണ് ഫൈസലിനെ മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടപ്പോള്‍ തീവ്രഹിന്ദുത്വ സംഘടനയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ പങ്കെടുത്തവരും പൊലീസ് വലയിലാണ്. മലപ്പുറം ഡിവൈ.എസ്.പി ടി.എം. പ്രദീപിന്‍െറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയുമടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള നാലുപേര്‍ ഗൂഢാലോചന നടത്തിയതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലയാളി സംഘത്തെ കണ്ടത്തൊനാകാതെ പൊലീസ് ഉഴലുകയാണ്.ഫാറൂഖ് നഗറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ ഫൈസല്‍ താമസിച്ച ക്വാര്‍ട്ടേഴ്സിന് സമീപത്തെ വീട്ടില്‍നിന്ന് ഒരു ബൈക്ക് വന്നു മടങ്ങുന്നതായി സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കൊടിഞ്ഞിയിലേക്ക് വരുന്ന എല്ലാ റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കല്‍ തുടരുകയാണ്. തിരൂരങ്ങാടി സി.ഐ. ശബരിമലയില്‍ ഡ്യൂട്ടിയിലായതിനാല്‍ കൊണ്ടോട്ടി സി.ഐക്കാണ് കേസന്വേഷണ ചുമതല.
വിവേകം വികാരത്തിന് അടിമപ്പെടരുത് -ഹൈദരലി തങ്ങള്‍
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വെട്ടേറ്റു മരിച്ചതിന്‍െറ പശ്ചാത്തലത്തില്‍ വിവേകം വികാരത്തിന് അടിമപ്പെടരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കൊടിഞ്ഞിയില്‍ ഫൈസലിന്‍െറ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന നമ്മുടെ നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ ചില ശക്തികളുടെ ശ്രമം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതിന്‍െറ തുടര്‍ച്ചയാണിത്. വര്‍ഗീയതയും അക്രമവും കൊണ്ട് ഒരു വിശ്വാസത്തെ സമ്പൂര്‍ണമാക്കാനോ അവസാനിപ്പിക്കാനോ സാധിക്കില്ല. വര്‍ഗീയത അസഹിഷ്ണുതയാണ്. അത് മനുഷ്യകുലത്തെയും പരമ്പരാഗതമായി കൈമാറിവന്ന സാംസാകാരിക പൈതൃകങ്ങളെയും സാഹോദര്യത്തെയും സമൂഹത്തില്‍നിന്ന് തുടച്ചുനീക്കും. നമ്മുടെ ചെയ്തികളുടെ ഫലമായി പിന്‍ഗാമികള്‍ പരസ്പരം വെട്ടിമരിക്കാന്‍ പാടില്ല. വികാരത്തെ വിവേകം കൊണ്ട് നേരിടാന്‍ നാം പരിശീലിക്കണം. സംഭവത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഇത്തരം അനിഷ്ടസംഭവങ്ങളുടെ പേരില്‍ ഒരു സമുദായം മൊത്തത്തില്‍ ക്രൂശിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ ഹൈന്ദവ സഹോദരങ്ങളുടെ സുരക്ഷകൂടി മുസ്ലിം സമുദായം ഉറപ്പുവരുത്തണമെന്നും തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.