കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ്: ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് വി.ഡി സതീശൻ

ആലുവ: ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.പി.സി.സി അധ്യക്ഷനെതിരെയുള്ളത് കള്ളക്കേസാണ്. കെ.പി.സി.സി അധ്യക്ഷന് യാതൊരു പങ്കുമില്ലാത്ത കേസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കിയിരിക്കുന്നത്.

കെ. സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പറയുന്നത്. പക്ഷെ അന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗം പോലുമായിരുന്നില്ല. പത്ത് കോടി കൊടുക്കാന്‍ പോയവര്‍ എം.പി പോലും അല്ലാത്ത സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോയെന്നും സതീശൻ ചോദിച്ചു. ഇപ്പോള്‍ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തു.

കേസ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അകത്ത് പോകുമെന്നാണ് മോന്‍സന്‍ മാവുങ്കല്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍ പോയി സിംഹാസനത്തില്‍ ഇരുന്നവരെക്കുറിച്ചും അന്വേഷണമില്ല. മോന്‍സന് വിശ്വാസ്യത നല്‍കിയത് ഡി.ജി.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അല്ലാതെ ചികിത്സക്ക് പോയവര്‍ക്കെതിരെയല്ല. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധരിച്ച് ചികിത്സക്ക് എത്തിയിട്ടുണ്ട്. ഇല്ലാത്ത കേസാണ് കെ.പി.സി.സി അധ്യക്ഷനെതിരെ ഉണ്ടാക്കിയിരിക്കുന്നത്.

കെ.പി.സി.സി അധ്യക്ഷനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. നാട്ടില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് കുടപിടിച്ച് കൊടുക്കുകയാണ്. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. പ്രതികളെല്ലാം റോഡിലൂടെ നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ച് വിലങ്ങിട്ട് നടക്കുകയാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്നും സി.പി.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി മാത്രം ജോലി ചെയ്യുന്ന പൊലീസായി കേരളത്തിലെ പൊലീസ് അധപതിച്ചു. നല്ല ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നാട്ടില്‍ നിയമവും കോടതിയുമൊക്കെയുണ്ടെന്നും  സതീശൻ പറഞ്ഞു.

Tags:    
News Summary - Fake case against Congress leaders: VD Satheesan says it is an attempt to divert attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.