കൊച്ചി: വ്യാജ അഭിഭാഷകയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. നിയമബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറുടെ ഹരജിയാണ് ജസ്റ്റിസ് ഷേർസി തള്ളിയത്. പ്രതി ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യാനും കോടതി നിർദേശിച്ചു.
മതിയായ യോഗ്യതയില്ലാതെ കോടതികളിൽ ഹാജരായി കേസ് നടത്തിയതിലൂടെ സെസി ജുഡീഷ്യൽ സംവിധാനത്തെയൊന്നാകെ ചതിച്ചെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ഒരു അംഗത്തിന് ബാർ അസോസിയേഷനുകൾ അംഗത്വം നൽകുന്നതിനുമുമ്പ് അവരെക്കുറിച്ച് ബാർ കൗൺസിലിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് ഭാവിയിൽ ഇത്തരം തട്ടിപ്പ് തടയാൻ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.
സെസി സേവ്യറിന് നിയമബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷന് ലഭിച്ച ഉൗമക്കത്തിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജ അഭിഭാഷകയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകെൻറ എൻറോൾ നമ്പർ ഉപയോഗിച്ചാണ് സെസി അസോസിയേഷനിൽ അംഗത്വമെടുത്തത്. ആലപ്പുഴ ബാർ അസോസിയേഷെൻറ നിർവാഹക സമിതിയിലേക്ക് സെസി മത്സരിച്ച് ജയിച്ചിരുന്നു. ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ജൂലൈ 18ന് പൊലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോയി. ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന സെസിയെ ചില കേസുകളിൽ കമീഷനായി നിയമിക്കുകയും ചെയ്തിരുന്നു. നിർധന കുടുംബാംഗമായ തനിക്ക് സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിയമപഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും അഭിഭാഷകയായി താൻ കോടതിയിൽ ഹാജരായിട്ടില്ലെന്നും സെസി വാദിച്ചെങ്കിലും ഇവർ വാദിച്ച ഒരു കേസിെൻറ വിധിന്യായത്തിൽ വിചാരണക്കോടതി പേര് രേഖപ്പെടുത്തിയത് തെളിവായി ഹൈകോടതി പരിഗണിച്ചു.
അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിലൂടെ ഇവർ നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ച് അറിയാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതികളിലും ജുഡീഷ്യൽ സംവിധാനത്തിലും നടത്തിയ തട്ടിപ്പ് ഗൗരവമേറിയതാണ്. സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തെറ്റാണിത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടണം. പ്രായം കുറഞ്ഞ സ്ത്രീയാണെന്ന പരിഗണന നൽകിയാൽ ജുഡീഷ്യൽ സംവിധാനത്തിന് നാണക്കേടാണെന്നും പൊതുസമൂഹത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.