തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് എ.എം.വി.ഐ പി. ബോണിയെ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്താണ് സസ്പെൻഡ് ചെയ്തത്.
താനൂർ സ്വദേശിയായ യുവാവാണ് 13 വർഷമായി തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ വ്യാജനായി ജോലി ചെയ്തത്. ഉദ്യോഗസ്ഥരുടെ ഐ.ഡിയും, പാസ്വേഡും ഉപയോഗിച്ചാണ് ഓഫിസിലെ കമ്പ്യൂട്ടറിൽ ജോലി ചെയ്തത്. ഈ വാർത്ത ‘മീഡിയവൺ’ പുറത്തു കൊണ്ടു വന്നതോടെയാണ് പുറത്തറിഞ്ഞത്.
അതേസമയം, അനധികൃതമായി ജോലി ചെയ്ത യുവാവിനെതിരെ മോട്ടോർ വാഹന വകുപ്പ് നിയമനടപടി സ്വീകരിച്ചിട്ടില്ല. നടപടി വേണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി എസ്.പിക്കും തിരൂരങ്ങാടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
താനൂർ സ്വദേശിയായ ഇയാൾ ഏജന്റുമാരുടെ ബിനാമിയാണ്. ഇയാൾക്കുള്ള വേതനം ഉദ്യോഗസ്ഥരും ഏജന്റുമാരുമാണ് നൽകിയിരുന്നത്. ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട പല രേഖകളും ഈ വ്യക്തിയാണ് അപ്ലോഡ് ചെയ്തിരുന്നത്.
‘മീഡിയവൺ’ വാർത്തയെതുടർന്ന് തൃശൂർ മേഖല ഡെപ്യൂട്ടി കമീഷണർ എം.പി. ജെയിംസ് സബ് ആർ.ടി ഓഫിസിൽ പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടറുകളും ഫയലുകളും പരിശോധിച്ച അദ്ദേഹം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് എ.എം.വി.ഐ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.