തിരുവനന്തപുരം: വെള്ളക്കര കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതിയിൽ വീഴ്ച വരുത്തിയതിന് കാസർകോട് ഡിവിഷനിലെ എൽ.ഡി ക്ലാർക്ക് മുതൽ എക്സിക്യൂട്ടിവ് എൻജിനീയർ വരെയുള്ളവരുടെ ഒരു ദിവസത്തെ ശമ്പളം തടയാൻ ജലഅതോറിറ്റി ഉത്തരവ്. ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള കുടിശ്ശിക തീർപ്പാക്കുന്നതിനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്.
കുടിശ്ശികയിൽ പരമാവധി ഒറ്റത്തവണ തീർപ്പാക്കലിനായിരുന്നു നിർദേശം. ഇത് പ്രകാരം ആകെയുള്ള 913.37 കോടിയിൽ 735.58 കോടി സംസ്ഥാനത്താകെ ആംനസ്റ്റിയിൽ ഉൾപ്പെടുത്തി. എന്നാൽ, ആകെ 1.79 കോടി കുടിശ്ശികയുള്ള കാസർകോട് ഡിവിഷനിൽ ഈ തുകയുടെ 25.41 ശതമാനം കുടിശ്ശിക മാത്രമാണ് ആംനസ്റ്റിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ മറ്റ് 28 ഡിവിഷനുകളും 50 ശതമാനത്തിനുമേൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോഴാണിത്. ഈ മാസം 13ന് ചേർന്ന ബോർഡ് യോഗം കാസർകോട് ഡിവിഷന്‍റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം.
ജീവനക്കാരുടെ വേതനത്തിൽ കുറവുവരുത്താനുള്ള ഉത്തരവ് കത്തിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ-സി.ഐ.ടി.യു പ്രതിഷേധിച്ചു. കേന്ദ്ര ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം യൂനിയൻ സംസ്ഥാന ട്രഷറർ ഒ.ആർ. ഷാജി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.