കട്ടപ്പന: ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ഇനി അറസ്റ്റിലാകാനുള്ളത് ഡി.എഫ്.ഒ മാത്രം. ഇടുക്കി മുൻ ഡി.എഫ്.ഒ ബി. രാഹുലാണ് അറസ്റ്റിലാകാനുള്ളത്. നാലു പ്രതികൾ നേരത്തേ കീഴടങ്ങി റിമാൻഡിലായിരുന്നു.
2022 സെപ്റ്റംബർ 20നാണ് ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരക്കൽ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയതോടെ വനം വകുപ്പ് സി.സി.എഫ് അന്വേഷണം നടത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് നൽകി. തുടർന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡനും അസി. ഫോറസ്റ്റ് കൺസർവേറ്ററുമായ ബി. രാഹുൽ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ചിലരെ തിരിച്ചെടുത്തിരുന്നു.
ഇതേതുടർന്ന് കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ പൊലീസ് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിരുന്നു. ഒന്നും രണ്ടും നാലും പ്രതികൾ നേരത്തേ പൊലീസിനു കീഴടങ്ങി റിമാൻഡിലായിരുന്നു. എട്ടുപേർ ജാമ്യം നേടി.
മാസങ്ങളോളം മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്ന ഡി.എഫ്.ഒയെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണവും ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇദ്ദേഹം ജില്ല കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. മൂന്നാം പ്രതിയായ വനം വകുപ്പ് സീനിയർ ഡ്രൈവർ ജിമ്മി ജോസഫാണ് ഏറ്റവുമൊടുവിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.