ഭർത്താവിനോടുള്ള ക്രൂരത വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കുടുംബകോടതി

മഞ്ചേരി: ഭാര്യയുടെ ക്രൂരമായ പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ ഭർത്താവിന് ത്വലാഖ് ചൊല്ലാൻ അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി വിധിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയായ 70കാരൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ജഡ്ജി എൻ.വി. രാജുവിന്‍റെ ഉത്തരവ്. ഭർത്താവ് വീട് ഉപയോഗിക്കുന്നതിനും താമസം തുടരുന്നതിനും ഭാര്യ തടസ്സം ചെയ്യുന്നത് കോടതി ഇൻജങ്ഷൻ ഉത്തരവിലൂടെ തടഞ്ഞു.

പയ്യനാട് സ്വദേശി 1977ലാണ് പൂക്കോട്ടൂർ വെള്ളൂർ സ്വദേശിനിയെ വിവാഹം ചെയ്യുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് സമ്പാദ്യം ഭാര്യക്കും കുട്ടികൾക്കും നൽകിയിരുന്നു. പിന്നീട് ജോലി മതിയാക്കി വന്നതോടെ ഭാര്യ ഉപദ്രവിച്ചെന്നും ഹൃദ്രോഗിയായ തന്‍റെ ചികിത്സരേഖകൾ കത്തിച്ചെന്നും കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. 2021 മാർച്ച് 10ന് ഭാര്യയെ ത്വലാഖ് ചെയ്തിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ ഭാര്യ തിരികെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഭാര്യയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയും പ്രവൃത്തികളും ഹരജിക്കാരന് തെളിയിക്കാൻ സാധിച്ചതായും ത്വലാഖ് ചൊല്ലിയ കത്ത് കിട്ടിയില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കാനും ഹരജിക്കാരന് സാധിച്ചു. ഭാര്യ ഭർത്താവിനെ തന്‍റെ വീട്ടിൽ താമസിക്കുന്നതിനെ തടയുകയും ക്രൂരത തുടരുകയുമാണെങ്കിൽ ഭാര്യ വീട്ടിൽ പ്രവേശിക്കുന്നത് വിലക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ ത്വലാഖ് ചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിയാണെന്നും കോടതി വിധിച്ചു. ഹരജിക്കാരനു വേണ്ടി അഡ്വ. എ.പി. ഇസ്മായീൽ ഹാജരായി.

Tags:    
News Summary - Family Court says cruelty to husband is sufficient reason for divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.