പെരിന്തല്‍മണ്ണ: അര്‍ബുദബാധിതയായി മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം കണ്ടെത്താനാവാതെ ബന്ധുക്കള്‍.
പെരിന്തൽമണ്ണ ചീരട്ടാമല ആദിവാസി കോളനിയിലെ ദാസെൻറ ഭാര്യ സതിയാണ് (35) ഞായറാഴ്ച രാവിലെ മരിച്ചത്. ഏഴുമാസമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെത്തി വിവിധ പരിശോധനകള്‍ നടത്തി വീട്ടിലേക്ക് പോയതായിരുന്നു. പതിറ്റാണ്ടുകളായി ചീരട്ടാമലയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഇവരടങ്ങുന്ന നാലു കുടുംബങ്ങള്‍ താമസിക്കുന്നത്. മൃതദേഹം തങ്ങളുടെ ആചാരപ്രകാരം സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്.
സതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നറിയിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സതേടിയ സതിയെ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരിയിലേക്ക് മാറ്റിയ നടപടിക്കെതിരെ ആദിവാസി ക്ഷേമപ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
തലേദിവസവും ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ ഫോറന്‍സിക് സര്ജന് ഇല്ലാത്തതിനാലാണ് മഞ്ചേരിയിലേക്ക് മാറ്റേണ്ടിവന്നതെന്നും ഇവര്‍ പറയുന്നു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം ചെയ്ത് വിട്ടുകിട്ടും. മക്കള്‍: മഞ്ജു, ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.