തൃക്കരിപ്പൂർ: മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെ താങ്ങുകൾ തെന്നിമാറി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഉടുംബുന്തല കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമിക്കുന്നതിനിടയിലാണ് സംഭവം.
ബീമുകൾക്കിടയിലുള്ള ഭാഗമാണ് തകർന്നുവീണത്. ഇതിന്റെ വാർപ്പിനായി കൈവണ്ടിയിൽ കോൺക്രീറ്റ് മിശ്രിതം നിറക്കുന്നതിനിടയിലാണ്, ഉറപ്പിച്ചുനിർത്തിയിരുന്ന തൂണുകൾ പൊടുന്നനെ തെന്നിമാറിയത്. ഇതോടെ ഷീറ്റുകൾക്കൊപ്പം മിശ്രിതം താഴേക്ക് പതിച്ചു. ആളപായമില്ല.
കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി ആവശ്യമായ താങ്ങുകൾ നൽകാത്തതാണ് പ്രശനത്തിനിടയാക്കിയത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടവർ സൈറ്റ് സന്ദർശിച്ചു. പൂഴി മണലിൽ താങ്ങുകൾ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് വിശദീകരണമുണ്ട്. തറയിൽ പലക വെച്ചശേഷം കല്ലുവെച്ചുയർത്തി താങ്ങുകൾ ഉറപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കാസർകോട് പാക്കേജിൽ ഒന്നേകാൽ കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. നേരത്തെ പില്ലറുകൾ ഉയർത്തുന്ന വേളയിൽ പ്രവൃത്തിയിൽ അപാകത ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. പിന്നീട് പില്ലറിന്റെ കമ്പികൾ വളച്ചാണ് കോൺക്രീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.