പേരാവൂർ: ഇരച്ചെത്തിയ മലവെള്ളത്തിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് നെടുമ്പ്രംചാൽ നെല്ലാനിക്കൽ സ്വദേശി ഈറ്റപ്പുറത്ത് ഐസക്കിന്റെ ഭാര്യ ഷീബയും മക്കളും. 15 വർഷംകൊണ്ട് ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇവരിപ്പോൾ. തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് നെടുമ്പ്രംചാൽ നെല്ലാനിക്കൽ സ്വദേശി ഈറ്റ പുറത്ത് ഐസക്കിന്റെ വീടിനു മുകളിലേക്ക് മലവെള്ളം ഇരച്ചെത്തിയത്.
ഈ സമയം ഭാര്യ ഷീബയും മക്കളായ അലനും ആൻഡ്രിയയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിറകുവശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ഉണ്ടായപ്പോൾ തന്നെ ഈ സമയം ടൗണിലായിരുന്ന ഐസക്കിനെ വിളിച്ച് അലൻ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ടായിരുന്നു. വെള്ളത്തിന് ശക്തി കൂടിവന്നതോടെ അലനും ഷീബയും പുറത്തിറങ്ങി നോക്കുമ്പോൾ തന്നെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് അകത്തുണ്ടായിരുന്ന ആൻഡ്രിയയേയും തോളിലെടുത്ത് അലനും ഷീബയും വീടിന് പുറത്തേക്കിറങ്ങിയിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ വീടിന്റെ അടുക്കളഭാഗവും ആൻഡ്രിയ കിടക്കാറുള്ള മുറിയും നിലംപൊത്തി.
ഒരു കിലോമീറ്ററോളം ഓടിയാണ് ഷീബയും മക്കളും മറ്റൊരുവീട്ടിൽ അഭയംതേടിയത്. ടൗണിലായിരുന്ന ഐസക് വീട്ടിലെത്താനുള്ള വഴികളെല്ലാം അടഞ്ഞ് നിസ്സഹായനായി നിൽക്കുകയായിരുന്നു. 15 വർഷം ഈ മണ്ണിൽ കൃഷിചെയ്തും കന്നുകാലികളെ പോറ്റിയുമാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. അഞ്ച് കന്നുകാലികളായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇവയിൽ ഒരെണ്ണം ഇവരുടെ കൺമുന്നിൽ വച്ചാണ് മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കല്ല് വന്നിടിച്ച് ചത്തത്. മൂന്ന് ഏക്കറോളം കൃഷിയിടവും കല്ലും മണ്ണും നിറഞ്ഞ് കൃഷിയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. ഐസക്കിന്റെ വീടിനു മുകളിൽനിന്ന് ഒഴുകിയെത്തിയ മലവെള്ളം വീടിന് തൊട്ടുമുകളിൽ വെച്ച് രണ്ടായി തിരിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസമുണ്ടെങ്കിലും ആ ദുരന്തം ഉണ്ടാക്കിയ നടുക്കത്തിൽനിന്ന് ഇവർ ഇനിയും മുക്തരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.