ഓമശ്ശേരി: വ്യാഴാഴ്ച അന്തരിച്ച യു.കെ. സദഖത്തുല്ല സഖാഫിക്ക് (33) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കൂട്ടുകാർക്കും നാട്ടുകാർക്കും നിറമുള്ള ഓർമകൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യസ്ഥിതി വഷളായതോടെ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. കണ്ടുമുട്ടുന്നവരോടെല്ലാം പ്രായഭേദമന്യേ സൗമ്യമായാണ് ഇടപഴകിയിരുന്നത്.
എസ്.എസ്.എഫ് മുൻ ജില്ല എക്സിക്യൂട്ടീവ് അംഗം, ഓമശ്ശേരി ഡിവിഷൻ മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന കാമ്പസ് സമിതി അംഗം, എസ്.വൈ.എസ് പുത്തൂർ സർക്കിൾ സെക്രട്ടറി, സഖാഫി ശൂറ കൊടുവള്ളി സോൺ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരന്ന വായനയും വിശാലമായ കാഴ്ചപ്പാടുകളും അദ്ദേഹത്തെ വേറിട്ടുനിർത്തിയിരുന്നു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാട് പുലർത്തിയ അദ്ദേഹം കവി, മികച്ച സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചിരുന്നു.
മതപഠനത്തോടൊപ്പം ഭൗതിക പഠനത്തിനും തൽപരനായ അദ്ദേഹം, സഖാഫി ബിരുദം നേടിയ ശേഷം മർകസ് ലോ കോളജിൽ അഞ്ചാം വർഷ നിയമ വിദ്യാർഥിയായിരുന്നു. അടിവാരം കൂന്തളംതേര് മഹല്ല് ഖത്തീബായും ജോലി ചെയ്തിരുന്നു. സിറാജ് ദിനപത്രം ഓമശ്ശേരി പ്രാദേശിക ലേഖകൻകൂടിയാണ്.
നടമ്മൽ പൊയിൽ ഉരാളുകണ്ടിയിൽ എം.കെ. അബ്ദുറഹ്മാൻ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഹസനി മസ്ജിദ് നടമ്മൽപൊയിൽ, പുതിയോത്ത് ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുതിയോത്ത് ഖബറടക്കി. വിവിധ രാഷ്ട്രീയ -മത -സംഘടന രംഗത്തുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.