കോഴിക്കോട്: കർഷകരുടെ നടുവൊടിച്ച് നേന്ത്രക്കായ വില കുത്തനെ കുറഞ്ഞു. കിലോക്ക് 40 രൂപവരെ വില ലഭിച്ചത് ഇപ്പോൾ കുറഞ്ഞ് 15 -20 രൂപവരെയായി. മൂപ്പെത്താത്ത പച്ചക്കായ് കിലോക്ക് പത്തുരൂപവരെയാണ് വില.
നേന്ത്രപ്പഴത്തിന്റെ വിലയിലും വലിയ കുറവാണുള്ളത്. ഓണം സീസണിൽ 60 -65 രൂപക്കുവരെ വിറ്റ പഴത്തിന് ഇപ്പോൾ 35 -40 രൂപവരെയാണ് ചില്ലറ വിപണിയിലെ പരമാവധി വില.
മൂന്നും മൂന്നരയും കിലോ പഴം നൂറു രൂപക്ക് നൽകുന്ന വഴിയോര കച്ചവടക്കാരും നാട്ടിൻപുറങ്ങളിലും നഗരത്തിലും സജീവമാണ്. ബാങ്ക് വായ്പയെടുത്ത് വലിയതോതിൽ വാഴ കൃഷി ആരംഭിച്ചവരാണ് വില കൂപ്പുകുത്തിയതോടെ പെരുവഴിയിലായത്. കുലവെട്ടാറാവുമ്പോഴേക്കും വില കൂടിയില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്നാണ് ഇവർ പറയുന്നത്.
ചേമ്പ്, ചേന, മരച്ചീനി തുടങ്ങി കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്തിരുന്ന മലയോരത്തെ കർഷകരിൽ വലിയൊരു വിഭാഗം കാട്ടുപന്നി ശല്യത്തെതുടർന്ന് വാഴകൃഷിയിലേക്ക് കടന്നിരുന്നു.
വാഴ വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കില്ലെന്ന കാരണത്താലും ആവശ്യത്തിന് വില ലഭിക്കുമെന്നതും മുൻനിർത്തിയായിരുന്നു ഇത്. ഇക്കൂട്ടരും വില കൂപ്പുകുത്തിയതോടെ ആശങ്കയിലാണ്.
നാടൻ കുലക്ക് ഗുണനിലവാരമേറെയാണെങ്കിലും വിലകുറഞ്ഞ മറുനാടൻ കുലകളാണ് ആളുകൾ ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത്. ചിപ്സ് ഉണ്ടാക്കുന്നവരും മറുനാടൻ കുലകളെയാണ് ആശ്രയിക്കുന്നത്. ഇതു വിലയിടിവിന് കാരണമായിട്ടുണ്ട്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് ദിനംപ്രതി ലോഡ് കണക്കിന് നേന്ത്രവാഴക്കുലയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കെത്തുന്നത്.
മാത്രമല്ല പ്രാദേശികമായി പലരും ചെറുവാഹനങ്ങൾ തരപ്പെടുത്തി നേരിട്ടുപോയി കർഷകരിൽനിന്ന് കുല എടുത്ത് റോഡിരികിൽവെച്ച് വിൽപന നടത്തുന്നുമുണ്ട്.
ഇതെല്ലാമാണ് കർഷകർക്ക് മതിയായ വില ലഭിക്കാതിരിക്കാൻ കാരണമെന്നാണ് ആക്ഷേപം. വൻതോതിൽ രാസവളമിടുന്നതിനാലും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുന്നതിനാലും ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനച്ചെലവ് നന്നേ കുറവാണ്. അതിനാൽതന്നെ കിലോക്ക് ഒമ്പതുമുതൽ 13 രൂപക്കുവരെ പച്ചക്കുല ലഭിക്കും.
കുലവെട്ടാറാകുമ്പോഴേക്കും കർഷകന് പത്തുമാസത്തിനുള്ളിൽ ഒരു വാഴക്ക് ചെലവ് വരുന്നത് 250 മുതൽ 300 രൂപവരെയാണ്. സ്ഥലം പാട്ടത്തിനെടുത്ത വകയിൽ 10 -15 രൂപ, വാഴക്കന്നിന് 10 -15, മൂന്നുവട്ടമുള്ള വളപ്രയോഗത്തിനും കീടനാശിനിക്കുമായി 110-130, കൂലിച്ചെലവ് 100 -120, കുല വിപണിയിലെത്തിക്കാൻ 10 -15 രൂപ എന്നിങ്ങനെയാണിത്. ജലസേചനം, ഇൻഷുറൻസ്, കാറ്റും മഴയും കാരണമുള്ള നഷ്ടം എന്നിവയെല്ലാം ഇതിനുപുറമെയാണ്.
പച്ചക്കായ വിലയിടിഞ്ഞിട്ടും ഇതുപയോഗിച്ച് നിർമിക്കുന്ന ചിപ്സിന് വിലക്കുറവില്ല. 350 -400 രൂപയാണ് ചിപ്സിന്റെ ശരാശരി വില. നാളികേരത്തിന് വിലയില്ലാത്തതിനാൽ വെളിച്ചെണ്ണക്കും വിലക്കയറ്റമില്ല. എന്നിട്ടും ചിപ്സിന്റെ വില ഉയർന്നുതന്നെയാണ്. നാടൻ വഴക്കുലയെക്കാൾ ചിപ്സിന് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് മറുനാട്ടിൽനിന്നെത്തുന്ന കുലകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.