മലപ്പുറം: ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചതോടെ ആശ്വാസമായത് ജില്ലയിലെ കർഷകർക്കും. വന മേഖലയോട് ചേർന്നുള്ള ജില്ലയിലെ നിരവധി പഞ്ചായത്തുകളിലാണ് കാലങ്ങളായി പന്നിശല്യം രൂക്ഷമായിരിക്കുന്നത്. പന്നിയെ തുരത്താൻ കർശന നടപടി വേണമെന്ന് കർഷകരും കർഷക സംഘടനകളും നിരവധി കാലമായി ആവശ്യപ്പെടുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിന്റെ ഫലംകൂടിയാണ് സർക്കാർ നടപടി.
കരുവാരകുണ്ട്, എടക്കര, നിലമ്പൂർ, മമ്പാട്, അരീക്കോട്, ആനക്കയം, കാടാമ്പുഴ തുടങ്ങിയ മേഖലകളിലാണ് ജില്ലയിൽ പന്നിശല്യം രൂക്ഷമായതും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നത്. ചേന, ചേമ്പ്, മരച്ചീനി, വാഴ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഓരോ വർഷവും പന്നിക്കൂട്ടം നശിപ്പിക്കുന്നത്. ചില ഭാഗങ്ങളിൽ ആളുകളുടെ ജീവനുവരെ പന്നിക്കൂട്ടം ഭീഷണിയാണ്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെ ജില്ലയിൽ നൂറ്റമ്പതിലേറെ പന്നികളെയാണ് അധികൃതർ വെടിവെച്ചുകൊന്നത്. എന്നിട്ടും ശല്യത്തിന് കുറവുണ്ടായിട്ടില്ല.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തിനുമുന്നിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ആവാസ വ്യവസ്ഥയുടെ സന്തുലനം തകിടംമറിയുമെന്ന കാരണം ചൂണ്ടിക്കാട്ടി നിരസിച്ചതോടെയാണ് ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥപാനങ്ങൾക്ക് നൽകാനുള്ള നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഗവർണർ അംഗീകരിക്കുന്നതോടെ ഓർഡിനൻസ് നിലവിൽ വരും. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് തോക്ക് ലൈസൻസുള്ളവരെ പന്നിയെ കൊല്ലുന്നതിന് നിയോഗിക്കാം. നിലവിൽ തോക്ക് ലൈസൻസുള്ളവരെ വനംവകുപ്പ് എംപാനൽ പട്ടികയിലുൾപ്പെടുത്തിയാണ് പന്നിയെ കൊല്ലുന്നതിന് നിയോഗിക്കുന്നത്. ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡനും ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം വൈൽഡ് ലൈഫ് വാർഡനുമാണ് പന്നിയെ കൊല്ലാൻ നിലവിൽ ഉത്തരവിട്ടിരുന്നത്. ഇതടക്കമുള്ള നിർണായക അധികാരങ്ങളാണ് തദ്ദേശ സ്ഥാപന അധ്യക്ഷർക്കും സെക്രട്ടറിമാർക്കുമായി ഇനി ലഭിക്കുന്നത്.
അതേസമയം, വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമപഞ്ചായത്തുകളിലെ തോക്കുള്ള പലർക്കും ലൈസൻസ് പുതുക്കിനൽകാത്തത് തിരിച്ചടിയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മാവോവാദി മേഖലയാണെന്ന കാരണം പറഞ്ഞാണ് തോക്ക് ലൈസൻസ് പുതുക്കുന്നതിന് പൊലീസ് തടസ്സം നിൽക്കുന്നത്. തോക്കുകൾ മാവോവാദികൾ തട്ടിയെടുക്കുന്ന സാഹചര്യമുണ്ടെന്ന കാരണമാണ് പൊലീസ് പറയുന്നത്. ലൈസൻസ് പുതുക്കി നൽകാത്തപക്ഷം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തോക്കുള്ളവരിൽ പലരുമെന്നാണ് വിവരം.
കരുവാരകുണ്ട്: കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയുള്ള സർക്കാർ തീരുമാനം കർഷകരെ പരിഹസിക്കലും ജനങ്ങളുടെ കണ്ണിൽപൊടിയിടലുമാണെന്ന് കർഷക കൂട്ടായ്മയായ കിഫ. കൃഷിക്കും ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അനുവാദം ഒന്നര വർഷമായി സംസ്ഥാനത്ത് നിലവിലുണ്ട്. റേഞ്ച് ഓഫിസുകളിൽ അപേക്ഷ നൽകിയാൽ 24 മണിക്കൂറിനകം ഉപാധികളോടെ അനുമതി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഈ ഉത്തരവിലെ അപ്രായോഗിക ഉപാധികൾ ഒഴിവാക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.
റേഞ്ച് ഓഫിസറുടെ അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയതുകൊണ്ട് പ്രായോഗികമായി ഈ വിഷയത്തിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ല. മാത്രമല്ല, കാടിന്റെ രണ്ട് കി.മീ. പരിധിക്ക് പുറത്ത് കുടുക്ക് ഉപയോഗിക്കാം എന്ന ഇളവ് പുതിയ തീരുമാനത്തിൽ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇത് കർഷകർക്ക് തിരിച്ചടിയുമാണ്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ വേട്ടയാടാൻ ഹൈകോടതി ചിലർക്ക് നൽകിയ അനുമതി കേരളത്തിലെ മുഴുവൻ ആളുകൾക്കും ബാധകമാക്കിയുള്ള ഉത്തരവാണ് സർക്കാർ ഇറക്കേണ്ടിയിരുന്നതെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ജില്ല പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.