വടകര: സംസ്ഥാനത്ത് കർഷക പെൻഷൻ വിതരണം മുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു. നിലച്ച പെൻഷൻ എന്നുലഭിക്കുമെന്ന കാര്യത്തിൽ കൃഷിവകുപ്പ് മൗനം തുടരുകയാണ്. ഇക്കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് കർഷക പെൻഷൻ തുടങ്ങിയത്. കർഷകനായി ജീവിച്ച 60 വയസ്സ് കഴിഞ്ഞ ഏതൊരാൾക്കും കഴിഞ്ഞകാല ജീവിതത്തിനുള്ള അംഗീകാരമെന്ന നിലക്കാണ് ഈ പെൻഷനെന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ, മറ്റു പെൻഷനുകൾ ലഭിക്കുന്നുവെന്നത് കർഷകപെൻഷൻ ലഭിക്കുന്നതിന് തടസ്സമായിരുന്നില്ല. തുടക്കത്തിൽ 300 രൂപയായിരുന്ന പെൻഷൻ പിന്നീട് 400 ഉം 500ഉം രൂപയാക്കി ഉയർത്തി.
ഇതാകട്ടെ, കൃഷിഭവൻ വഴി കർഷകെൻറ അക്കൗണ്ടുകളിൽ എത്തിക്കുകയായിരുന്നു. 2015 ഡിസംബർവരെയാണ് പെൻഷൻ നൽകിയത്. ഇടതുസർക്കാർ വന്നയുടനെ കർഷകപെൻഷൻ ആയിരം രൂപയാക്കിയതായി പ്രഖ്യാപിച്ചു. എന്നാൽ, പെൻഷൻ വിതരണം പൂർണമായും നിലക്കുകയാണുണ്ടായത്. പെൻഷൻ വിതരണത്തിനുള്ള ഫണ്ടുകൾ ലഭിച്ചില്ലെന്നാണ് കൃഷിഭവൻ അധികൃതർ പറയുന്നത്. ഇപ്പോൾ ഒന്നരലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കായി ഈ പെൻഷൻ ചുരുക്കിയെന്നാണ് അറിയുന്നത്. കർഷകപെൻഷനുപുറമേ ക്ഷേമപെൻഷൻ വാങ്ങുന്നവർ സത്യവാങ്മൂലം നൽകണമെന്ന നിർദേശത്തെ തുടർന്ന്, ആധാർകാർഡ്, ബാങ്ക് രേഖകൾ എന്നിവയുടെ പകർപ്പുകൾ കൃഷിഭവനിൽ നൽകി കാത്തിരിക്കുകയാണ് കർഷകർ. കഴിഞ്ഞ സർക്കാറിെൻറ കാലത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 3,01,530 കർഷക പെൻഷൻകാരാണുള്ളത്.
ജില്ലതിരിച്ചുള്ള കണക്കുകളിങ്ങനെ; തിരുവനന്തപുരം 11,290, കൊല്ലം 22,810, ആലപ്പുഴ 21,530, പത്തനംതിട്ട 16,956, എറണാകുളം 22,291, ഇടുക്കി 12,110, കോട്ടയം 28,005, തൃശൂർ 29,241, പാലക്കാട് 23,272, മലപ്പുറം 24,170, കോഴിക്കോട് 38,240, വയനാട് 13,095, കണ്ണൂർ 27,869, കാസർകോട് 10,651. കാർഷിക രംഗത്ത് പ്രവർത്തിച്ചവരെ ആദരിക്കുക എന്ന ചിന്തയോടെയാണ് കർഷകപെൻഷൻ പദ്ധതി ആവിഷ്കരിച്ചതെന്നും അതുകൊണ്ട് തന്നെയാണ്, ഒരുനിബന്ധനകളുമില്ലാതെ കർഷകനെന്ന പരിഗണന മാത്രം വെച്ചു പെൻഷൻ നടപ്പാക്കിയതെന്നും മുൻ കൃഷി മന്ത്രി കെ.പി. മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ആ പദ്ധതിയിൽ വെള്ളം ചേർക്കുകയാണ് ഇടതുസർക്കാർ ചെയ്തതെന്ന് മോഹനൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.