അമ്പലപ്പുഴ: കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ കർഷകന്‍റെ മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഭാരതീയ കിസാൻ സംഘ് ജില്ല പ്രസിഡന്‍റും ബി.എം.എസ് കുന്നുമ്മ ബ്രാഞ്ച് കൺവീനറുമായ പ്രസാദിന്‍റെ മൃതദേഹവുമായാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത ഉപരോധിച്ചത്.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്കുശേഷം എടത്വയില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ 3.40ഓടെ മൃതദേഹം തകഴിയില്‍ എത്തിച്ചു. മൃതദേഹം വഹിച്ച ആംബുലന്‍സ് തകഴി ജങ്ഷനില്‍ റോഡിന് കുറുകെ ഇട്ടായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകർ അരമണിക്കൂറോളം റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചതിന് ശേഷമാണ് അംബേദ്കര്‍ കോളനി കാട്ടിൽപറമ്പ് വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്‍റ് ഷാജി ആർ. നായർ, കിസാൻ സംഘ് പ്രസിഡന്‍റ് അനിൽകുമാർ വൈദ്യമംഗലം തുടങ്ങിയവര്‍ നേതൃത്വം നൽകി. ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍. ജയകുമാറിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.