തിരുവനന്തപുരം: ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണെൻറ വെളിപ്പെടുത്തൽ സത്യമാണെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിലെ പ്രതികളെ രാധാകൃഷ്ണന് വ്യക്തമായി അറിയാമായിരുന്നെന്നാണ് തെൻറ വിശ്വാസം. എന്നാൽ, അദ്ദേഹത്തെ പലരുംചേർന്ന് കുടുക്കുകയായിരുന്നു. അന്വേഷണത്തിൽനിന്ന് മാറ്റി രണ്ടുമാസത്തിനുശേഷമാണ് രാധാകൃഷ്ണനെയും അദ്ദേഹത്തിെൻറ ഡ്രൈവർ രാമചന്ദ്രൻ, സുഹൃത്ത് രാജേഷ് എന്നിവരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. അനാശാസ്യം ആരോപിച്ചായിരുന്നു മർദനം. 2012ൽ ഡി.ജി.പിയുടെ നിർദേശാനുസരണം ഇൻറലിജൻസ് മേധാവിയായിരുന്ന താൻ നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരായ ആക്രമണം ആസൂത്രിതമായിരുന്നെന്ന് ബോധ്യമായി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പിക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
താൻ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന കാലത്തും രാധാകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇടുക്കിയിലെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ആനന്ദകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. രാധാകൃഷ്ണനെ കരുവാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ബോധ്യമുള്ളതുകൊണ്ട് റിപ്പോർട്ട് ആദ്യം തള്ളി. എക്സൈസ് ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ ആരോപണ വിധേയരുമായി രാധാകൃഷ്ണൻ സംസാരിച്ചിരിക്കാം. അതിെൻറ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാനാവില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും താൻ കേസ് അന്വേഷിച്ച ശ്രീജിത്തിനോടും ആനന്ദകൃഷ്ണനോടും പറഞ്ഞു. എന്നാൽ, ആനന്ദകൃഷ്ണൻ വീണ്ടും അതേ റിപ്പോർട്ട് നൽകിയപ്പോൾ സർക്കാറിന് കൈമാറുകയാണ് ചെയ്തത്. പട്ടികജാതിക്കാരനായതുകൊണ്ടാണ് രാധാകൃഷ്ണനെ വേട്ടയാടുന്നത്. 2016ലാണ് രാധാകൃഷ്ണനെ സർക്കാർ സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്താൽ 90 ദിവസത്തിനകം മെമ്മോ ചാർജ് കൊടുക്കണം. അല്ലാത്തപക്ഷം തിരിച്ചെടുക്കണം. ഇതൊന്നും രാധാകൃഷ്ണെൻറ കാര്യത്തിൽ പാലിച്ചില്ലെന്നാണ് അറിഞ്ഞത്. ഇതു നിയമലംഘനമാണ്. ഇതിനെതിരെ സുപ്രീംകോടതിയെയോ ദേശീയ പട്ടികജാതി കമീഷനെയോ സമീപിക്കണമെന്നും സെൻകുമാർ പറഞ്ഞു.
സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാലുതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മുൻ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫസൽ വധക്കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്കുണ്ടെന്ന് താൻ വിശ്വസിച്ചിരുന്നു. ഇത് േകസ് ഡയറിയിൽ കുറിക്കുകയും ചെയ്തു. ഇതാണ് സി.ബി.ഐക്ക് പിടിവള്ളിയായത്. എന്നാൽ, സത്യസന്ധമായ അന്വേഷണത്തിന് നൽകേണ്ടിവന്ന വില തെൻറ ജീവിതമായിരുന്നു. കാരായിമാർക്കെതിരെ റിപ്പോർട്ട് എഴുതിയതിനായിരുന്നു തളിപ്പറമ്പിൽെവച്ച് ആക്രമിച്ചത്. 2021 വരെ സർവിസുണ്ട്. സർക്കാറിനെതിരെ സുപ്രീംകോടതിയിൽ പോകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഏതു നിമിഷവും ആക്രമണം കാത്തുകഴിയുകയണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.