കാസർകോട്: ഫാഷൻ ഗോൾഡ് സ്വർണനിക്ഷേപ തട്ടിപ്പു കേസിൽ കുറ്റപത്രം ഒരുങ്ങി. 168 കേസുകളിൽ പത്ത് എണ്ണത്തിന്റെ കുറ്റപത്രം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. പ്രതിസ്ഥാനത്തുള്ള മുൻ എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെയും മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളെയും ഒന്നാം പ്രതിസ്ഥാനത്തുനിന്നും നീക്കി രണ്ടാം പ്രതികളാക്കി. ഡയറക്ടർമാരെ പ്രതികളാക്കിയ ക്രൈം ബ്രാഞ്ച് നടപടി കോടതിയിൽ നിലനിൽക്കണമെങ്കിൽ ഒന്നാം പ്രതിസ്ഥാനത്ത് കമ്പനി വരണം എന്നതാണ് കാരണം. കാസർകോട്ടെ കേസിൽ ഒന്നാംപ്രതിയായി ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം പ്രതിയാകുമ്പോൾ കണ്ണൂരിലും കോഴിക്കോടുമുള്ള കേസുകളിൽ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഓഷ്യൻ ഓർണമെന്റ്സ് എന്നീ കമ്പനികൾ മാറിമാറി പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടാകും. പ
ത്തുകേസുകളിൽ അടുത്തമാസം 30നകം കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നിക്ഷേപ കരാറിൽ പൂക്കോയ തങ്ങളുടെയും ഖമറുദ്ദീന്റെയും ഒപ്പുകളിൽ ഫോറൻസിക് വിഭാഗം അന്വേഷണ സംഘത്തിന് സ്ഥിരീകരണം നൽകിയത് പത്ത് കേസുകളിലാണ്. ഇങ്ങനെ ബാക്കിയുള്ള 158 കേസുകളിൽ സിഗ്നേച്ചർ കംപാരിസൺ ഫോറൻസിക്കിൽനിന്നും ലഭിക്കണം. കേരളത്തിലെ കേസന്വേഷണ ചരിത്രത്തിൽ ഒരു വിഷയത്തിൽ ഇത്രയും കുറ്റപത്രം ഒരുക്കേണ്ടിവരുന്നത് ആദ്യമായാണ്. 168 കേസുകളുടെ കുറ്റപത്രത്തിന് ഒന്നര ലക്ഷത്തോളം പേജുകൾ വരും.
കാസർകോട് ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം പ്രതിയായ കുറ്റപത്രത്തിന് 1100 പേജുണ്ട്. ഇതാണ് ഫാഷൻ നിക്ഷേപ തട്ടിപ്പിന്റെ മാസ്റ്റർ കേസ്. ഇപ്പോൾ കുറ്റപത്രം ഒരുങ്ങിയിരിക്കുന്നവയിൽ കാസർകോട്ടെ ഒന്നും കണ്ണൂരിലെ അഞ്ചും കോഴിക്കോട്ടെ നാലും കേസുകളാണുള്ളത്.
ഒമ്പതുമുതൽ 12 വരെ പ്രതികളാണ് എല്ലാ കേസുകളിലും ഉള്ളത്. കമ്പനി ചെയർമാൻ എം.സി. ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം, മാനേജർ സൈനുദ്ദീൻ എന്നിവർ എല്ലാ കേസുകളിലും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.