കാസർകോട്: തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പൂക്കോയ തങ്ങൾക്കെതിരെ മുൻ എം.എൽ.എയും കേസിലെ പ്രതിയുമായ എം.സി. ഖമറുദ്ദീെൻറ മൊഴി. തിങ്കളാഴ്ച ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ നടന്ന തെളിവെടുപ്പിൽ ഖമറുദ്ദീൻ, 'കമ്പനി ചെയർമാൻ എന്നല്ലാതെ, താൻ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയോ തന്നെ അറിയിക്കുകയോ ചെയ്യാറില്ല' എന്ന് അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഖമറുദ്ദീൻ, പൂക്കോയ തങ്ങൾക്ക് നേരിട്ട് മറുപടി നൽകി.
ബംഗളൂരുവിൽ ഫാഷൻ ഗോൾഡ് വേണ്ടെന്ന് പറഞ്ഞതായി ഖമറുദ്ദീൻ പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്ന ഖമറുദ്ദീെൻറ പ്രതികരണം പൂക്കോയ തങ്ങൾ തള്ളി. എല്ലാം പറഞ്ഞിരുന്നുവെന്നായിരുന്നു തങ്ങളുെട മറുപടി. ഫാഷൻ ഗോൾഡ് നിക്ഷേപത്തിലെ ക്രമക്കേടിൽ ഖമറുദ്ദീെൻറ പങ്ക് ചെറുതാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തെളിയുന്നതായാണ് സൂചന.
നിക്ഷേപം വാങ്ങി ശാഖകൾ തുടങ്ങുന്നതിനെ ഖമറുദ്ദീൻ എതിർത്തു. ബംഗളൂരു യൂനിറ്റ് അക്കൗണ്ട് തങ്ങളുടെ പേരിൽ മാത്രമായത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും തങ്ങൾ മറുപടി നൽകിയില്ല. പയ്യന്നൂർ, ചെറുവത്തൂർ, കാസർകോട് എന്നിവിടങ്ങളിലെ യൂനിറ്റുകളുടെ അക്കൗണ്ടുകൾ നിയമപരമായ കരാർമൂലം ഇരുവരുടെയും പേരിലാണ്. മറ്റിടങ്ങളിലെ യൂനിറ്റ് തങ്ങൾ സ്വന്തം പേരിലാക്കി. 176 കരാറുകളാണുള്ളത്. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് താൻ ഒപ്പിട്ടതെന്നും ബാക്കിയുള്ളവയെല്ലാം തങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്തതാണെന്നും ഖമറുദ്ദീൻ മൊഴി നൽകി.
പൂട്ടാൻ ഉദ്ദേശിച്ചല്ല സ്ഥാപനം തുടങ്ങിയതെന്നും ലാഭവിഹിതം നൽകി സത്യസന്ധമായി കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നുവെന്നും പൂക്കോയ തങ്ങൾ പറഞ്ഞു. ജനറൽ മാനേജർ എന്ന നിലയിൽ പൂക്കോയ തങ്ങളാണ് ബിസിനസ് കൈകാര്യം ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ഇരുവരും തമ്മിലുള്ള മൊഴികളിൽ വൈരുധ്യമുണ്ടെന്നും കൂടുതൽപേരെ ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.