മരട്: ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ കുമ്പളം ടോള്‍ പ്ലാസയില്‍ ആദ്യദിവസം വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടു. ഇരട്ടിത്തുക നല്‍കിയാലെ കടത്തിവിടുകയുള്ളൂ എന്ന ടോള്‍പ്ലാസ അധികൃതര്‍ പറഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധവുമായെത്തിയതും സംഘര്‍ഷത്തിന് വഴിയൊരുക്കി.
കഴിഞ്ഞദിവസം വരെ പണംനല്‍കി പോയിരുന്ന ലൈനിലൂടെ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ കടക്കാന്‍ ശ്രമിച്ചതും വലിയ ഗതാഗതക്കുരുക്കിനു കാരണമായി. ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍നിന്ന് ഇരട്ടിത്തുക ഈടാക്കാനുള്ള ടോള്‍ പ്ലാസ അധികൃതരുടെ നീക്കത്തിനെതിരെ യാത്രക്കാര്‍ വണ്ടിനിര്‍ത്തിയിട്ട് പ്രതിഷേധിക്കുകയും ചെയ്തു.
ഒരുതവണ മാത്രം യാത്ര ചെയ്യേണ്ടി വരുന്നവര്‍ ഫാസ്ടാഗ് എടുക്കേണ്ടിവരുന്നതിലുള്ള ബുദ്ധിമുട്ടാണ് നാട്ടുകാര്‍ പ്രതിഷേധത്തിലൂടെ അറിയിക്കുന്നത്. അതേസമയം, കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് രണ്ടു മാസത്തേക്ക് ഫാസ്ടാഗില് ഇളവ് അനുവദിച്ചിരുന്നെങ്കിലും കുമ്പളം ടോള്‍ പ്ലാസയില്‍ ഇത് നല്‍കാതിരുന്നതും ആശയക്കുഴപ്പത്തിനു കാരണമായി.
ഇതുമൂലം മണിക്കൂറുകളോളം ബസുകളും കാത്തുകിടക്കേണ്ടിവന്നു. ഇതോടെ യാത്രക്കാരും ദുരിതത്തിലായി. ഏതാനും ദിവസത്തേക്കുകൂടി പിഴ ഒഴിവാക്കി ടോള്‍ നിരക്ക് ഈടാക്കാന്‍ ധാരണയായതിനെതുടര്ന്നാണ് ബസുകള്‍ക്ക് പോകാനായത്. നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടന്നതോടെ ഒരു ലൈനില്‍ക്കൂടി അമിതതുക നല്കി കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്കിനു ശമനമായത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കായി ഫാസ്ടാഗ് കൗണ്ടറുകളും ടോള്‍ പ്ലാസക്കും സമീപം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.