ചെങ്ങന്നൂർ: യുവാവിന്‍റെ ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലിരുന്ന ഭാര്യാപിതാവ് മരിച്ചു. ആലാ തെക്ക് മായാഭവനിൽ സന്തോഷാണ് (49) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ മകളുടെ ഭർത്താവ് പെണ്ണുക്കര വടക്കുമുറിയിൽ പറയകോട് വീട്ടിൽ കലേഷ് ശശി (സുബിൻ -21) റിമാൻഡിലായി.
തിരുവോണദിവസം വൈകീട്ട് 6.30ന് നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷിനെ കലേഷ് ശശി ഹെൽമറ്റ് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സന്തോഷിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11ഓടെ മരിച്ചു.
സന്തോഷിന്‍റെ ഏക മകൾ മഞ്ജുവിനെ ഒരു വർഷം മുമ്പാണ് കലേഷ് വിവാഹം കഴിച്ചത്. പ്രസവത്തിന് വീട്ടിലെത്തിയ ഭാര്യയെ കാണാനെത്തുന്ന കലേഷ് മദ്യപിച്ച് സന്തോഷുമായി വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്‍റെ നിർദേശാനുസരണം ചെങ്ങന്നൂർ ഇൻസ്പെക്ടർ എ.സി. വിപിൻ, സബ് ഇൻസ്പെക്ടർ വി.എസ്. ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിൻകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനീസ്, കണ്ണൻ, ജുബിൻ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പൂമല ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്. സന്തോഷിന്‍റെ ഭാര്യ ശ്രീദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.