തിരുവനന്തപുരം: തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. കുഞ്ഞിനെയും ഉണ്ണികൃഷ്ണനെയും കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഉണ്ണികൃഷ്ണനെ ആറിന് സമീപത്ത് കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. ആറിന് സമീപത്ത് ഉണ്ണികൃഷ്ണനെ കണ്ടതായും ചവറു കളയാൻ എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞതായും പ്രദേശവാസി മൊഴി നൽകിയത്. തുടർന്ന് അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ് ആറ്റിൽ നിന്ന് ബാസ്കറ്റിൽ അടച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ, കുഞ്ഞുമായി ആറിന് സമീപത്ത് ഇരുന്നപ്പോൾ സമീപത്തെ മൺത്തിട്ട ഇടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. ഭാര്യയും ഭർത്താവും തമ്മിൽ നേരത്തെ മുതൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.