വെഞ്ഞാറമൂട്: സഹോദരനടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് റഹീം. മകനെ കാണണമെന്ന് ആഗ്രഹമില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും റഹീം വ്യക്തമാക്കി.
അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ല. ഭാര്യക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സെൻട്രൽ ബാങ്കിലെയും ബന്ധുവിന്‍റെ സ്വർണം പണയം വച്ചതിന്‍റെയും ബാധ്യതയാണുള്ളത്. ബന്ധു നിരന്തരം ബാധ്യത തീർക്കാൻ ആവശ്യപ്പെട്ടിരുന്നു. വായ്പ സമയത്ത് അടക്കാതിരുന്നത് ബാധ്യതക്ക് കാരണമായി.
പണം കൃത്യമായി അയച്ചു കൊടുത്ത് വായ്പ അടച്ചു തീർക്കാൻ താൻ പറഞ്ഞിരുന്നു. എന്നാൽ, വായ്പ അടച്ചു തീർത്തില്ല. ആ ബാധ്യതയാണ് വർധിച്ചു വന്നത്. 20 വർഷ കാലാവധിയിൽ 15 ലക്ഷം രൂപയാണ് എടുത്തിരുന്നത്. അഞ്ച് വർഷം കൊണ്ട് അടച്ചു തീർക്കാനുള്ള ശ്രമത്തിലായിരുന്നു താൻ. ബാക്കിയുള്ള വായ്പയാണ് അടക്കാതെ ഇരട്ടിച്ച് വന്നത്.
ബന്ധുക്കൾ സാമ്പത്തിക സഹായം നൽകിയിരുന്നു. അഫാനും മാതാവിനും തട്ടത്തുമലയിലെ ബന്ധു പണം വായ്പ നൽകിയത് പലിശക്കാണ്. പലിശ വൈകിയാൽ ബന്ധു ഭീഷണിപ്പെടുത്തുമെന്നും മുന്നോട്ടു പോകാൻ വഴിയില്ലെന്നും റഹീം വ്യക്തമാക്കി.
23കാരനായ അഫാൻ സ്വന്തം സഹോദരനും പ്രായമായ മുത്തശ്ശിയും അടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. 13 വയസുള്ള അനുജൻ അഫ്സാൻ, പിതാവിന്‍റെ മാതാവ് 88കാരിയായ സൽമ ബീവി എന്നിവരെയും അഫാന്‍റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന (19) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.