മഞ്ചേരി: ‘എല്ലാവരും മക്കളെ ജയിക്കാന്‍ പ്രോത്സാഹിപ്പിച്ചപ്പോൾ, നിങ്ങൾ ഞങ്ങളെ തോല്‍വിയെ സധൈര്യം നേരിടാൻ പഠിപ്പിച്ചു. അവകാശങ്ങൾ ചോദിച്ച് വാങ്ങാന്‍ പഠിപ്പിച്ചു, അനീതിക്കെതിരെ ശബ്ദിക്കാന്‍ പഠിപ്പിച്ചു’’ -പിതാവ് ഒ.എം.എ. സലാമിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോൾ മകൾ ഫാത്തിമ തസ്കിയ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ പഠിപ്പിച്ച ആ മകൾക്ക് ഹൃദയം നുറുങ്ങുന്ന വേദനയുമായി പിതാവ് അന്ത്യചുംബനം നൽകി. മകൾ ഡോക്ടറാകുന്നതും സ്വപ്നംകണ്ടിരുന്ന ആ പിതാവിന്റെ നെഞ്ചുലഞ്ഞു. ‘‘23 വർഷം മുമ്പ് അല്ലാഹു ഞങ്ങളെ ഒരു അമാനത്ത് ഏൽപിച്ചു. അത് അല്ലാഹു തിരിച്ചെടുത്തിരിക്കുകയാണ്. അവൾ എന്നേക്കാൾ നന്നായി പഠിച്ചു, എന്നേക്കാൾ നന്നായി ഖുർആൻ പാരായണം ചെയ്തു, എന്നേക്കാൾ നന്നായെഴുതി, എന്നേക്കാൾ നന്നായി വരച്ചു. അവസാനം എന്നേക്കാൾ മുമ്പ് ശഹാദത്തും നേടി, എല്ലാ കാര്യത്തിലും എന്നെ തോൽപിച്ചിരിക്കുകയാണ്’’ -മയ്യിത്ത് നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഗസ്സയിലെ നിരപരാധികളായ കുഞ്ഞുങ്ങളുടെ മരണവും അദ്ദേഹം സൂചിപ്പിച്ചു.
കൽപറ്റയിൽ വാഹനാപകടത്തിൽ മരിച്ച മകളെ അവസാനമായി ഒരു നോക്കുകാണാനാണ് തിഹാർ ജയിലിൽ നിന്ന് പരോൾ ലഭിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ഒ.എം.എ. സലാം എത്തിയത്. മകളുടെ മരണത്തെതുടർന്ന് വ്യാഴാഴ്ചയാണ് എൻ.ഐ.എ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. സുരക്ഷയുടെ ഭാഗമായി ആറ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഉച്ചക്ക് 1.30ഓടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. പിതാവിന്റെയും സഹോദരങ്ങളുടെയും അന്ത്യചുംബനമേറ്റുവാങ്ങി രണ്ടരയോടെ തസ്കിയയുടെ മൃതദേഹം ഖബറടക്കത്തിനായി മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിലേക്ക് കൊണ്ടുപോയി. മയ്യിത്ത് നമസ്കാരത്തിന് പിതാവ് ഒ.എം.എ. സലാം നേതൃത്വം നൽകി. അന്ത്യാഞ്ജലിയർപ്പിക്കാൻ നിരവധി പേർ പള്ളിയിലും വീട്ടിലുമെത്തി. മൂന്നരയോടെ ഖബറടക്കം നടന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്കിയയും (24) കൂട്ടുകാരിയും സഞ്ചരിച്ച സ്കൂട്ടർ ബുധനാഴ്ച രാത്രി പത്തോടെ കല്പറ്റ പിണങ്ങോട് പൊഴുതനക്കു സമീപം താഴ്ചയിലേക്കു മറിഞ്ഞാണ് അപകടം സംഭവിച്ചത്.
2022ൽ പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍കൂടിയായ ഒ.എം.എ. സലാമിനെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ഒന്നരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. ഉപാധികളോടെയാണ് മൂന്നു ദിവസത്തെ പരോൾ ലഭിച്ചത്. ഞായറാഴ്ച ഡൽഹിയിലേക്കു മടങ്ങും.
കണ്ണൂർ: ജീവിത പ്രതിസന്ധികളെ കഠിനാധ്വാനം കൊണ്ട് കീഴടക്കി നിരവധിപേരുടെ ഹൃദയങ്ങളിൽ പ്രചോദനം നിറച്ച് വിടവാങ്ങിയ ഫാത്തിമ തസ്കിയക്ക് ആദരാഞ്ജലികൾ നേർന്ന് മാധ്യമം. കണ്ണൂരിൽ നടക്കുന്ന മാധ്യമം എജുകഫെയുടെ ഉദ്ഘാടന സെഷനിലാണ് തസ്കിയക്ക് ആദരാഞ്ജലികളർപ്പിച്ചത്. അധ്യക്ഷ പ്രസംഗത്തിൽ മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് ഫാത്തിമ തസ്കിയയെ അനുസ്മരിച്ചു. മന്ത്രി കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു മൗന പ്രാർഥനയും അനുസ്മരണവും.
കഴിഞ്ഞ വർഷം കോട്ടക്കൽ, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിൽ നടന്ന എജ്യൂകഫേകളിൽ തസ്കിയ സെഷൻ അവതരിപ്പിച്ചിരുന്നു. പരാജയങ്ങൾക്കൊടുവിലും ജീവിത പ്രയാസങ്ങൾക്കിടയിലും തളരാതെ ‘നീറ്റ്’ എഴുതി കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അനുഭവങ്ങൾ സദസ്സിനെ കരയിപ്പിച്ചിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ഉമ്മയെ രക്ഷിച്ച ഡോക്ടറെ പോലെയാകണമെന്നും നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തണമെന്നുമുള്ള ആഗ്രഹമാണ് പരാജയങ്ങളോട് അടിയറവ് പറയാതെ നീറ്റ് പരീക്ഷയിൽ വിജയിക്കാൻ തസ്കിയയെ പ്രാപ്തയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.