ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വർധന ആവശ്യപ്പെട്ട് മാനേജ്മെൻറുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ കോളജുകള്‍ക്കും ഒരു ഫീസ് എന്ന വ്യവസ്ഥ നടപ്പാക്കാന്‍ ആകില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതിയില്‍ നല്കിയ ഹരജിയില്‍ മാനേജ്മെൻറുകള്‍ അവകാശപ്പെട്ടു. അതേസമയം, മാനേജ്മെൻറുകളുടെ ഹരജിയില്‍ ഏകപക്ഷീയമായി ഉത്തരവിറക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിൽ ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈകോടതി ശരിെവച്ചതിനു പിന്നാലെയാണ് മെഡിക്കല്‍ മാനേജ്മെൻറുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മേല്‍നോട്ട സമിതിയുടെ ശിപാര്‍ശ പരിഗണിച്ച് താല്‍ക്കാലിക ഫീസാണ് നിശ്ചയിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രവേശന നടപടികളുമായി സര്‍ക്കാറിനു മുന്നോട്ടുപോകാമെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍, ഈ ഉത്തരവിന് അടിസ്ഥാനമായ കണ്ടെത്തലുകളില്‍ ഗുരുതര പിഴവുണ്ടെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹരജിയില്‍ കെ.എം.സി.ടി, കരുണ, ശ്രീനാരായണ മെഡിക്കല്‍ കോളജുകള്‍ വാദിക്കുന്നത്.
എല്ലാ കോളജുകള്‍ക്കും ഒരേ ഫീസ് ഘടന നിശ്ചയിക്കാന്‍ കഴിയില്ല. ഓരോ കോളജിലെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കേണ്ടത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം സീറ്റുകളില്‍ അഞ്ചു ലക്ഷം രൂപയെന്ന ഫീസ് പ്രായോഗികമല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി 10 ലക്ഷം, എട്ടര ലക്ഷം, ഏഴര ലക്ഷം എന്നിങ്ങനെയായിരുന്നു ഫീസ് നിരക്കുകൾ. വീണ്ടും ഫീസ് കുറക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നിങ്ങനെ പോകുന്നു മാനേജ്മെൻറ് വാദങ്ങൾ. മാനേജ്മെൻറുകളുടെ ഹരജിയും സര്‍ക്കാറിെൻറ തടസ്സഹരജിയും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.