തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്‌ടർ യാത്രക്കാരോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്ത്. ആഹാരം കഴിക്കുന്ന സമയത്ത് ബസിൽ യാത്രക്കാർ കയറി ഇരുന്നു എന്ന് പറഞ്ഞ് കണ്ടക്‌ടർ ബഹളം വെക്കുകയായിരുന്നു. കൈക്കുഞ്ഞുമായി കയറിയ യാത്രക്കാർ വരെ കണ്ടക്‌ടറുടെ ബഹളത്തെ തുടർന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചിറയിൻകീഴ് താൽകാലിക ഡിപ്പോയിലാണ് സംഭവം. ആറ്റിങ്ങൽ- ചിറയിൻകീഴ് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബസിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്. ബസ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ചിറയിൻകീഴിലെ താൽകാലിക ഡിപ്പോയിൽ നിർത്തിയിട്ടപ്പോഴാണ് സംഭവമുണ്ടായത്.
താൽകാലിക ബസ് സ്റ്റാൻഡ് ആയതിനാൽ ഇവിടെ വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നില്ല. അതിനാൽ യാത്രക്കാർ നേരത്തെ തന്നെ ബസിൽ കയറിയിരിക്കുന്നത് പതിവാണ്. ഇങ്ങനെ കയറിയിരുന്നപ്പോഴാണ് വനിതാ കണ്ടക്‌ടർ യാത്രക്കാർക്ക് നേരെ ആക്രോശിച്ചത്. താൻ കഴിക്കുന്ന സമയമാണിതെന്നും നിങ്ങൾ എല്ലാവരും ഇറങ്ങിപ്പോകണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. യാത്രക്കാർ ബസിൽ നിന്നിറങ്ങാൻ വിസമ്മതിച്ചതോടെ കണ്ടക്‌ടർ പ്രകോപിതയാവുകയായിരുന്നു. യാത്രക്കാർക്ക് നേരെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച റിപ്പോർട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കെഎസ്ആർടിസിക്കെതിരെ വീണ്ടും പരാതി ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.