തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടത് മുന്നണിയിൽ ഐ.എൻ.എല്ലിന് പുറമെ ജെ.ഡി(എസ്)ലും എൻ.സി.പിയിലും കാര്യങ്ങൾ ശുഭകരമല്ല. ലോകായുക്ത ഓർഡിനൻസിൽ ഇടഞ്ഞ സി.പി.ഐയെ വരുതിയിലാക്കാൻ മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം ശ്രമിക്കുമ്പോഴാണ് ഘടകകക്ഷികൾക്കുള്ളിലെ ആഭ്യന്തര പ്രശ്നം.
ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനോട് അടുപ്പമുള്ള ദേശീയ നേതൃത്വം, സംസ്ഥാന നേതൃസമിതികൾ മുഴുവൻ കഴിഞ്ഞ ദിവസം ഏകപക്ഷീയമായി പിരിച്ചുവിടുകയും കാസിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള അഡ്ഹോക്ക് സമിതി രൂപവത്കരിക്കുകയും ചെയ്തതോടെയാണ് ഐ.എൻ.എല്ലിൽ പുതിയ പൊട്ടിത്തെറിയുണ്ടായത്. അഖിലേന്ത്യ നേതൃത്വത്തിന്റെ നടപടിയെ തള്ളിയ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് വിഭാഗം സംസ്ഥാന കൗൺസിൽ 10 ദിവസത്തിനകം വിളിച്ച് ചേർക്കുമെന്ന് പ്രഖ്യാപിച്ചു. പിളർന്ന് രണ്ട് വിഭാഗമായി മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന് നേരത്തേതന്നെ നിലപാട് വ്യക്തമാക്കിയ സി.പി.എം വീണ്ടും പിളർപ്പ് അനുവദിക്കില്ലെന്ന് ആവർത്തിച്ചു. പാർട്ടിയിലെ പ്രശ്നം അതിനുള്ളിൽതന്നെ പരിഹരിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രതികരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാര്യം ധരിപ്പിച്ച വഹാബ് പക്ഷം മധ്യസ്ഥതക്കായി ഒരിക്കൽകൂടി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സമീപിച്ചു കഴിഞ്ഞു.
ജനതാദൾ (എസ്)ൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് എതിരെയാണ് ഒരുവിഭാഗം നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും മാത്യു ടി. തോമസിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുമാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ നീക്കമെന്നാണ് ആക്ഷേപം. എൻ.സി.പിയിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ- എ.കെ. ശശീന്ദ്രൻ കൂട്ടുകെട്ട് പാർട്ടിയിലും ഭരണത്തിൽ ലഭിക്കുന്ന സ്ഥാനമാനങ്ങളിലും പിടിമുറുക്കിയതിനെതുടർന്ന് മറുവിഭാഗം രോഷത്തിലാണ്. കോർ കമ്മിറ്റിയിൽനിന്ന് മുതിർന്ന മൂന്ന് നേതാക്കളെ ഒഴിവാക്കിയത്, പാർട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം പുതുതായി അംഗത്വം നേടിയയാൾക്ക് നൽകിയത്, വനംവകുപ്പിലെ സ്ഥലംമാറ്റത്തിൽ അടക്കം ഉയരുന്ന കോഴപ്പണ ആക്ഷേപം എന്നിവയാണ് നേതൃത്വത്തിന് എതിരായ ആരോപണം. ഇത് ചർച്ച ചെയ്യാൻ പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ എന്നിവരോട് ഡൽഹിയിലെത്താൻ ദേശീയ നേതൃത്വം നിർദേശിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.