തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഇവിടങ്ങളിൽ ലഭ്യമാക്കണം.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുക ലക്ഷ്യമിട്ട് മാർഗരേഖ പുതുക്കിയത്.
മെയ് 31 വരെ സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് പ്രാധാന്യം നൽകാനുള്ള നിർദേശമാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. മുഴുവൻ ഗ്രാമപ്രദേശങ്ങളിലുമുള്ള പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളായി മാറുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ പേരിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകൾ ഒരുക്കും. സെമി വെന്‍റിലേറ്റർ സൗകര്യമായ ബൈപാസ് സജ്ജീകരിക്കാൻ കഴിയുന്ന ആശുപത്രികളിലെല്ലാം അത്തരം സജ്ജീകരണങ്ങൾ ഒരുക്കണം. ഓക്‌സിജൻ ക്ഷാമം പരമാവധി കുറക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കോവിഡ് സ്ഥിരീകരിക്കുന്ന കിടപ്പുരോഗികൾക്ക് അവിടെ തന്നെ ഓക്‌സിജൻ അടക്കമുള്ള അത്യാവശ്യ സാമഗ്രികൾ എത്തിക്കാൻ നിർദേശം നൽകി. പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടത്. മറ്റ് രോഗികൾക്ക് പ്രാധാന്യത്തിനനുസരിച്ചു മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയാൽ മതിയെന്നും നിർദേശമുണ്ട്.
മേയ് 31 വരെ ഗുരുതരമായ സ്ഥിതിയിലൂടെയായിരിക്കും സംസ്ഥാനം കടന്നുപോകുക എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.