തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആറ് പനിമരണം കൂടി. ആറും തലസ്ഥാനജില്ലയിലാണ്. ഡെങ്കിപ്പനി സംശയിക്കുന്ന തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി ശോശാമ്മ (60), പൂന്തുറ സ്വദേശി അനില (35), അരുവിക്കര സ്വദേശി ഷിബു (38), എലിപ്പനി സംശയിക്കുന്ന പൂന്തുറ സ്വദേശി കനിരാജ് (29), വാമനപുരം സ്വദേശി നൗഷാദ് (38), വൈറൽപനി മൂലം പൊഴിയൂർ സ്വദേശി രാജീവ് ദാസ് (32) എന്നിവരാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറം തേവർ കടപ്പുറം സ്വദേശി വാഹിദയും (18) മരിച്ചു.
സംസ്ഥാനത്ത് 232 േപർക്കാണ് ചൊവ്വാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 664 പേർ ഡെങ്കിബാധ സംശയവുമായി വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് 94ഉം കൊല്ലത്ത് 20ഉം പത്തനംതിട്ടയിൽ 17ഉം ഇടുക്കിയിൽ മൂന്നും കോട്ടയത്ത് എട്ടും ആലപ്പുഴയിൽ 14ഉം തൃശൂരിൽ അഞ്ചും മലപ്പുറത്ത് ആറും കോഴിക്കോട് 31ഉം വയനാട്ടിൽ 11ഉം കണ്ണൂരിൽ ഒമ്പതും കാസർകോട് ഏഴും ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകുളം, പാലക്കാട് ജില്ലകളിൽ ചൊവ്വാഴ്ച ഡെങ്കിപ്പനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് അഞ്ച് എലിപ്പനി േകസുകൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നുവീതവും കോഴിക്കോട് മൂന്നും പേർക്കാണ് എലിപ്പനി കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ, ചേളന്നൂർ, നന്മണ്ട, കണ്ണൂർ ജില്ലയിലെ എടക്കാട് എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്.
അതേസമയം, തിരുവനന്തപുരത്ത് രണ്ടും കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഒന്നുവീതവും കോഴിക്കോട് നാലും വയനാട് ആറുമടക്കം 17 പേർ ഇന്നലെ എലിപ്പനി ബാധ സംശയവുമായി ആശുപത്രികളിലെത്തിയിട്ടുണ്ട്. വൈറൽപനി ബാധിച്ച് 27,646 പേരാണ് ഇന്നലെ സംസ്ഥാനത്ത് വിവിധ ആശുപത്രി ഒ.പികളിൽ ചികിത്സതേടിയത്. ഇതിൽ 891 പേരെ കിടത്തിചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. പനിബാധിതരിൽ കൂടുതലും പതിവുപോലെ കൂടുതൽ തലസ്ഥാനജില്ലയിലാണ്. 3191 പേരാണ് തിരുവനന്തപുരത്ത് ഒ.പികളിൽ ചികിത്സതേടിയത്. കിടത്തിചികിത്സക്ക് വിധേയമാക്കിയത് 188 പേരെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.